തിരുവനന്തപുരം:ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി.
ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള കാരണങ്ങൾ സർക്കാർ വിശദീകരിച്ചിട്ടുണ്ടെങ്കിലും ആ കാരണങ്ങൾ നിസ്സാരവും രാഷ്ട്രീയപ്രേരിതവും നിയമങ്ങൾക്കെതിരുമാണെന്ന് പ്രതിപക്ഷ ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിയമം ഭേദഗതി ചെയ്യുന്നതിലെ നിയമപ്രശ്നങ്ങൾ നിവേദനത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെയും പൊതുസമൂഹത്തിന്റെയും താൽപ്പര്യം കണക്കിലെടുത്ത് 2021-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസിന് അനുമതി നൽകരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഓർഡിനൻസ് സംബന്ധിച്ച നിയമപരമായ വിശദാംശം ഗവർണർക്കു നൽകിയെന്നുംഓർഡിനൻസ് പ്രസിഡന്റിന്റെ അനുമതിക്കായി പോകണം എന്ന് ആവശ്യപ്പെട്ടതായും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഒരു നിയമം വരുമ്പോൾ പ്രസിഡന്റിന്റെ അനുമതിക്കായി പോയിട്ടുണ്ടെങ്കിൽ ഭേദഗതി വരുമ്പോഴും പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ട്. ഓർഡിനൻസിന്റെ കാര്യത്തിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾക്കു നിയമമന്ത്രി നൽകിയ മറുപടി അടിസ്ഥാനരഹിതമാണ്.
ഇ.കെ.നായനാർ സർക്കാർ 1999ൽ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോൾ പറയുന്നത് വിചിത്രമാണ്. നിയമം കൊണ്ടുവന്നപ്പോൾ അന്ന് വിശദമായി നിയമസഭ ഇതേ വിഷയം ചർച്ച ചെയ്തതാണ്. ഇ.കെ. നായനാരെയും ഇ. ചന്ദ്രശേഖരൻ നായരെയും അപമാനിക്കുന്നതിനു തുല്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights : OppositionLeaders met GovernorArif Mohammad Khan requesting not to sign Lokayukta act amendment ordinance