മനാമ> സന്ദര്ശക വിസയുടെയും റീ എന്ട്രിയുടെയും കാലാവധി മാര്ച്ച് 31 വരെ സൗജന്യമായി ദീര്ഘിപ്പിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. ഇന്ത്യയടക്കം 17 രാജ്യക്കാര്ക്ക് ഈ ആനുകൂല്യം ലഭിക്കും.
ഈ രാജ്യങ്ങളില് നിന്ന് സൗദിയിലേക്ക് യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം. വിലക്കുള്ള രാജ്യങ്ങളില് നിന്ന് സൗദിയിലേക്ക് മടങ്ങിയെത്താന് പ്രയാസമുള്ളവരുടെ സന്ദര്ശക വിസയും റീ എന്ട്രി വിസയും പുതുക്കി നല്കാന് ഭരണാധികാരി സല്മാന് രാജാവ് ബന്ധപ്പെട്ട വകുപ്പുകളോട് നിര്ദേശിച്ചിരുന്നു. ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല. ഓട്ടോമാറ്റികായാണ് നടപടിക്രമങ്ങള്. സൗദിയില് നിന്ന് പൂര്ണമായി കോവിഡ് വാക്സിന് സ്വീകരിച്ച് എക്സിറ്റ്റീഎന്ട്രി വിസയില് രാജ്യം വിട്ടവര്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
കോവിഡ് ആരംഭിച്ച ശേഷം സൗജന്യമായാണ് നാട്ടിലുള്ളവരുടെ വിസ, റീ എന്ട്രി പുതുക്കുന്നത്. ജനുവരിവരെ ഇന്ത്യ ഉള്പ്പെടെ 17 രാജ്യങ്ങളില് നിന്നുള്ള പ്രവാസികളുടെ താമസ വിസ, എക്സിറ്റ്റീ എന്ട്രി വിസ എന്നിവ പുതുക്കുന്നതായി കാണിച്ച് കഴിഞ്ഞ നവംബറില് പാസ്പോര്ട്ട് വിഭാഗം സര്ക്കുലര് നല്കിയിരുന്നു.