കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കേസിൽ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയമാണ് ലോകായുക്ത ഓർഡിനൻസിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കെതിരേ ലോകായുക്തയിലുള്ള കേസാണ് കോടിയേരിയെ ഭയപ്പെടുത്തുന്നതെന്നും ഈ കേസിൽ ശക്തമായ വിധിയുണ്ടാകുമോ എന്ന് സി.പി.എമ്മും സർക്കാരും ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെയും രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമഭേദഗതിയെന്ന് കോടിയേരിയുടെ വാക്കുകളിൽനിന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ലോകായുക്ത ഓർഡിനൻസമുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവിന്റെ വാദങ്ങൾ തെറ്റാണ്. ആർട്ടിക്കിൾ 164-നെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. ഒരു മന്ത്രിക്കെതിരായ കേസിൽ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്താൽ എങ്ങനെ ശരിയാകും. അവനവൻ തന്നെ ജഡ്ജിയാകുന്ന സ്ഥിതിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയാനിടയായ എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളത്. അപ്പീൽ പ്രൊവിഷനില്ല എന്നാണ് പ്രധാനവാദം. അപ്പീൽ പ്രൊവിഷൻവെച്ചോ, ഞങ്ങൾക്ക് വിരോധമില്ല. ഭേദഗതി കൊണ്ടുവന്ന് ഹൈക്കോടതിയിലേക്ക് അപ്പീൽ പോകാനുള്ള പ്രൊവിഷൻ വെച്ചോളൂ. എന്നാൽ ഈ പ്രൊവിഷൻ ഇല്ലാതിരുന്നിട്ടും ലോകായുക്തയുമായി ബന്ധപ്പെട്ട വിധിയിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിമാരായിരുന്നവരാണ് ലോകായുക്തയാകുന്നത്. ജുഡീഷ്യൽ സംവിധാനത്തിലൂടെ അവർ എടുക്കുന്ന തീരുമാനത്തെയാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ അപ്പലേറ്റ് അതോറിറ്റിയായി മാറുന്നു. ജുഡീഷ്യൽ സംവിധാനത്തിലൂടെ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാൻ എങ്ങനെയാണ് മുഖ്യമന്ത്രിക്കും സെക്രട്ടേറിയേറ്റിലെ സെക്രട്ടറിമാർക്കും സാധിക്കുന്നത്. അതിനോട് ഒരിക്കലും യോജിക്കാനാകില്ല. മന്ത്രിക്കെതിരായ തീരുമാനം വന്നാൽ അത് സ്വീകരിക്കണമോ എന്നത് തീരുമാനിക്കുള്ള അധികാരം മുഖ്യമന്ത്രിക്ക് വന്നാൽ എന്താകും സ്ഥിതി.
2019-ൽ ചിന്ത വാരികയിൽ ലോകായുക്തയെ അനുകൂലിച്ച് ലേഖനമെഴുതിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഇപ്പോൾ തനിക്കെതിരായ കേസ് വന്നപ്പോൾ ലോകായുക്തയുടെ പല്ല് കൊഴിച്ചുകളയുകയാണ്. ലോകായുക്തയെ വെറുമൊരു സർക്കാർ സ്ഥാപനമാക്കി മാറ്റുന്നു. 2019-ലെ അദ്ദേഹത്തിന്റെ തീരുമാനം പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ നയത്തിന് അനുകൂലമാണ്. പക്ഷേ, സ്വന്തം കേസ് വന്നപ്പോൾ അതിൽനിന്ന് മാറിയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.ലോകായുക്തയെ കഴുഞ്ഞ് ഞെരിച്ച് കൊല്ലുകയാണ് ഈ സർക്കാർ. അഴിമതി വിരുദ്ധ സംവിധാനങ്ങളെ സിപിഎമ്മും സംസ്ഥാന സർക്കാരും ഭയപ്പെടുകയാണ്. കാരണം, ഇവർ നടത്തിയ കൊള്ള പുറത്തുവരുമെന്ന ഭയമാണെന്നുംവി.ഡി. സതീശൻ പറഞ്ഞു.
Content Highlights:vd satheesan against lokayukta ordinance and ldf government