തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരം, സർക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയതെന്ന് കാനം പറഞ്ഞു.
നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സഭയിൽ ഒരു ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ് കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓർഡിനൻസിനെതിരെ പ്രതിപക്ഷം ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് എൽഡിഎഫിലെ പ്രധാനപാർട്ടി സർക്കാർ നിലപാടിനെതിരെ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനമെടുത്തത്. ഭരണപരമായ കാര്യങ്ങൾക്ക് ഓർഡിനൻസ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാർട്ടിയിലോ ചർച്ചചെയ്യുന്ന രീതിയില്ല. എന്നാൽ, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പൊതുനിലപാടിൽനിന്നുള്ള നയപരമായ മാറ്റമാണ്. അത്തരം കാര്യം മുന്നണിയിൽ ചർച്ചചെയ്ത് തീരുമാനിക്കുക എന്നതാണ് എൽ.ഡി.എഫ്. സ്വീകരിച്ചുവരുന്ന രീതിയെന്നുമാണ് മുന്നണിയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
പിണറായി സർക്കാർ നിലവിൽ വന്നതിനുശേഷം പ്രധാനകാര്യങ്ങളെല്ലാം മുന്നണിയിൽ കൊണ്ടുവരുന്ന രീതിക്ക് മാറ്റംവരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടക്കത്തിൽ സി.പി.ഐ. ഇടഞ്ഞുനിന്നപ്പോൾ, സി.പി.എം.-സി.പി.ഐ. സെക്രട്ടറിതല ചർച്ച എന്നൊരു രീതി കൊണ്ടുവന്നു. മന്ത്രിസഭായോഗത്തിന് മുമ്പായി ഇരുപാർട്ടിയിലെയും സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തുകയും പ്രധാനകാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. ഇതിൽ മിക്കവാറും മുഖ്യമന്ത്രിയും പങ്കെടുക്കാറുണ്ട്. എന്നാൽ, ലോകായുക്ത ഓർഡിനൻസിന്റെ കാര്യം ഈ ചർച്ചയിലും വിഷയമായിട്ടില്ലെന്നാണ് കാനത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.