ആലപ്പുഴ> തോട്ടത്തിൽനിന്ന് പച്ചക്കറി വിളവെടുത്ത് വിലയ്ക്ക് വാങ്ങണോ? – -നേരെ ചേർത്തല സിൽക്കിലെ കൃഷിയിടത്തിലേക്ക് പോരൂ. കെ കെ കുമാരൻ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയാണ് വിളവെടുത്ത് വിലയ്ക്ക് വാങ്ങാനുള്ള സൗകര്യം. കഞ്ഞിക്കുഴിയിലെ അവാർഡ് ജേതാവായ കർഷകൻ ശുഭകേശനാണ് സൊസൈറ്റിക്കുവേണ്ടി കൃഷിയിറക്കിയത്.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി. തുടർച്ചയായി നാലാം വർഷമാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ 15 ഏക്കറിൽ പാലിയേറ്റീവ് സൊസൈറ്റി കൃഷി നടത്തുന്നത്. പച്ചക്കറി മാത്രമല്ല പൂക്കളും തോട്ടത്തിൽനിന്ന് വാങ്ങാം. പച്ചക്കറികളെ കീടങ്ങളിൽനിന്ന് രക്ഷിക്കുന്നതിനാണ് ബന്ദിച്ചെടികൾ നട്ടത്. ഇവ പൂവിട്ടു. വിവിധ വർണങ്ങളിലുള്ള 13 ഇനം ശീതകാല പച്ചക്കറികൾ വിളവെടുപ്പിന് തയ്യാറായി. 500 ചുവടാണ് വിളഞ്ഞത്. വാങ്ങിയില്ലെങ്കിലും കാണാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരവുമുണ്ട്.
മിതമായ ഫീസ് ഈടാക്കിയുള്ള പ്രവേശനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണനും ട്രഷറർ എം സന്തോഷ്കുമാറും അറിയിച്ചു. പച്ചക്കറിക്കും പൂവിനും പുമേ മത്സ്യകൃഷിയുമുണ്ട്. വരാൽ, കാരി, തിലോപ്പിയ എന്നിവയാണുള്ളത്. ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം വ്യാഴം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ നിർവഹിക്കും.