കാസർകോട്: ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായരീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. തുടർന്ന് പതാക താഴ്ത്തി ശരിയായരീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാൽ തലകീഴായി പതാക ഉയർത്തിയിട്ടും ഇവർക്കാർക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാൽ ജില്ലാ കളക്ടർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നില്ല.
Content Highlights:republic day celebration in kasargod controversy about flag hosting by minister ahammed devarkovil