ചിറയിൻകീഴ്> മോഷ്ടിച്ചെടുത്ത വാഹനങ്ങളുപയോഗിച്ച് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം പിടിയിൽ. പള്ളിപ്പുറം പാച്ചിറ ചായപ്പുറത്ത് വീട്ടിൽ ഷമീർ (21), കടയ്ക്കാവൂർ വയയിൽ തിട്ടവീട്ടിൽ അബിൻ (21), ഇവരുടെ സഹായികളായ വക്കം മരുതൻവിളാകത്ത് വീട്ടിൽ അഖിൽ പ്രേമൻ (20), വക്കം തൊടിയിൽ വീട്ടിൽ ഹരീഷ് (19), സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിക്കുന്ന നിലമേൽ വളയിടം രാജേഷ് ഭവനിൽ ജെർണിഷ (22) എന്നിവരാണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്.
പ്രതികളുടെ കൂട്ടാളിയായ ജെർണിഷ ചാലക്കുടിയിൽ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരാണ്. പ്രതികൾ മോഷ്ടിച്ചെടുക്കുന്ന സ്വർണാഭരണങ്ങൾ ജെർണിഷയാണ് വിൽക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുകയാണന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വെളുപ്പിന്കടയ്ക്കാവൂർ അങ്കിളി മുക്കിന് സമീപം 80 വയസ്സുള്ള വയോധികയെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനു ശേഷം സ്വർണ മാല പൊട്ടിച്ചു കടന്ന കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സംഘം പൊലീസിന്റെ പിടിയിലായത്. കൃത്യത്തിനുപയോഗിച്ച മോട്ടോർബൈക്ക് അന്ന് വെളുപ്പിന് മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് മോഷ്ടിച്ചെടുത്തതാണന്ന് കണ്ടെത്തി.
ആറു മാസത്തിനുള്ളിൽ കന്യാകുമാരി , തിരുവനന്തപുരം കൊല്ലം ജില്ലകളിലായി നിരവധിയാളുകളുടെ മാലകൾ പ്രതികൾ കവർന്നതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങൾ രൂപം മാറ്റം വരുത്തിയ ശേഷം അവയുപയോഗിച്ച് ഒന്നോ രണ്ടോ മോഷണം നടത്തുകയും ശേഷം പൊളിച്ചു വിൽക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. മോഷണമുതലുകൾ വക്കം സ്കൂളിന് പിറകിലുള്ള ഒരു വീട്ടിലാണ് സൂക്ഷിക്കുകയും, രൂപ മാറ്റം വരുത്തുകയും ചെയ്യുന്നത്. പൊളിച്ചെടുക്കുന്ന വാഹനങ്ങളിലെ പാർട്സുകൾ വിറ്റ ശേഷം ബാക്കിയുള്ളവ കായലിൽ ഒളിപ്പിക്കും. ഇങ്ങനെ ഒളിപ്പിച്ചിരുന്ന വാഹന പാർട്സുകൾ പൊലീസ് പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു.
മോഷണ വസ്തുക്കൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും, ഗോവ, ബംഗളൂരു പോലുള്ള സ്ഥലങ്ങളിൽ ലഹരി പാർട്ടികളിൽ പങ്കെടുക്കുകയുമാണ് പതിവ്. മയക്കുമരുന്ന് ഇടപാടുകളിലും പ്രതികൾ പങ്കാളികളാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന ലാൻസർ കാർ മുരുക്കുംപുഴയിൽനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളായ ഷമീറും അബിനും കുപ്രസിദ്ധ വാഹന മോഷ്ടാക്കളും മുപ്പതോളം കേസിൽ പ്രതിയുമാണ്. അറസ്റ്റ് ചെയ്യാനെത്തിയ കടയ്ക്കാവൂർ സർക്കിൾ ഇൻസ്പക്ടർ വി അജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് വർക്കല ഡിവൈഎസ്പി നിയാസ് അറിയിച്ചു. എസ്എച്ച്ഒ വി അജേഷ്, എസ് ഐ മാരായ എസ് എസ് ദീപു, ബി മനോഹർ, മാഹീൻ, ശ്രീകുമാർ , ജ്യോതി, ഷാഫി അനീഷ്, വനിതാ പൊലീസുകാരായ സുരജ, മേരി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.