തിരൂർ> തലക്കടത്തൂർ റോഡ് വികസനത്തിനായി നൂറ്റാണ്ട് പഴക്കമുള്ള തലക്കടത്തൂർ ടൗൺ പള്ളിയുടെ മുൻഭാഗം പൊളിക്കാൻ അനുവാദം നൽകി മുത്തവല്ലി കുടുംബം. തലക്കടത്തൂർ കൂട്ടിമൂച്ചിക്കൽ മുഹിയുദ്ദീൻ പള്ളിയുടെ മുൻവശത്തെ മിനാരമടക്കമുള്ള പ്രധാന ഭാഗമാണ് റോഡ് വികസനത്തിനായി വിട്ടുകൊടുക്കാൻ മുത്തവല്ലി കുടുംബം തീരുമാനിച്ചത്.
അനുമതി ലഭിച്ചതോടെ പള്ളിയുടെ മുൻഭാഗം പൊളിക്കൽ ആരംഭിച്ചു. തിരൂർ–- മലപ്പുറം റോഡിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ തലക്കടത്തൂർ അങ്ങാടി വളരെ ഇടുങ്ങിയ റോഡായിരുന്നു. തലക്കടത്തൂർപാലംമുതൽ വൈലത്തൂർവരെ ഗതാഗതം ദുഷ്കരമായിരുന്നു. താനൂർ നിയോജക മണ്ഡലത്തിൽ വി അബ്ദുറഹ്മാൻ എംഎൽഎയായതോടെ റോഡ് വികസനത്തിന് പ്രാധാന്യം നൽകി. ആദ്യഘട്ടത്തിൽ സ്ഥലം വിട്ടുനൽകാത്തവരുമായി വി അബ്ദുറഹ്മാൻ മുൻകൈയെടുത്ത് ചർച്ചനടത്തി. ഇതോടെ നാല് കെട്ടിടങ്ങൾ ഒഴികെ 88 ഉടമകൾ സ്ഥലം വിട്ടുനൽകി. ഇതിനിടെ മുഹിയുദ്ദീൻ പള്ളിയുടെ മുൻഭാഗവും മിനാരവും പൊളിക്കാൻ പള്ളി മുത്തവല്ലി മണ്ടകത്തിങ്കൽ മുഹമ്മദ്കുട്ടിയും സഹോദരൻ ബീരാൻകുട്ടിയും അനുവാദം നൽകുകയായിരുന്നു.
പ്രവൃത്തി നടക്കുന്ന പള്ളി മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു. റോഡിനായി സ്ഥലം വിട്ടുനൽകാത്തവരുമായി ചർച്ചകൾ തുടരുമെന്നും സ്ഥലം വിട്ടുതരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സെന്റിന് 25 ലക്ഷംമുതൽ 40 ലക്ഷംവരെ വിലയുള്ള ഭൂമിയാണ് ഭൂവുടമകൾ സൗജന്യമായി വിട്ടുനൽകിയത്. വ്യാഴാഴ്ചമുതൽ റോഡ് ടാറിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം ചെറിയമുണ്ടം പഞ്ചായത്ത് അംഗം സുലൈമാൻ കോടനിയിൽ, പി ടി ഷാജി, എ സി രാധാകൃഷ്ണൻ, മയൂര ജലീൽ, പി ടി ബഷീർ, പുഴക്കൻ കുഞ്ഞോൻ, അവറാന് ഹാജി എന്നിവരുമുണ്ടായി.