തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമാണത്തിന് സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ലോകയുക്ത ഉടൻ പരിഗണിക്കാനിരിക്കുന്ന ചില ഹർജികളാണ് പ്രതിപക്ഷം കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനുമെതിരെയുള്ള ഹർജികളാണ് ഇതിൽ പ്രധാനം.
ലോകായുക്തയുടെ തീർപ്പ് എതിരായാൽ മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും പ്രതിക്കൂട്ടിലാകും. സഭയിൽ ചർച്ചയ്ക്ക് വെക്കാതെ സർക്കാർ അടിയന്തരമായി ഓർഡിനൻസിലൂടെ ലോകയുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഈ തിരിച്ചടി മുന്നിൽ കണ്ടാണെന്നാണ് ആരോപണം.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൂന്ന് പരാതികളാണ് ലോകയുക്തക്ക് മുന്നിലുള്ളത്. അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജന്റെ മക്കളുടെ പഠനത്തിന് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ നൽകിയതിനെതിരെയാണ് ഒരു പരാതി.
ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാറിന്റെ വായ്പ അടക്കമുള്ള ബാധ്യത തീർക്കാൻ 8.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതിനെതിരെയാണ് മറ്റൊരു പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതിനെതിരെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള മൂന്നാമത്തെ ഹർജി. മരിച്ച പോലീസുകാരന്റെ കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചതിന് പുറമെയായിരുന്നു ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 20 ലക്ഷം രൂപ അനുവദിച്ചത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനഃനിയമനവുമായി ബന്ധപ്പെട്ട് ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഗവർണർക്ക് കത്തയച്ചുവെന്നാണ് മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള ഹർജി. ഇത് അടുത്ത മാസം ലോകായുക്തയുടെ പരിഗണനക്ക് വരും. കത്തെഴുതിയതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത നിർദേശിച്ചത് സർക്കാർ വൃത്തങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന മുഖ്യമന്ത്രിക്കെതിരെയുള്ള ഹർജികളും അടുത്തമാസം നാലിന് പരിഗണനക്ക് വരുന്നുണ്ട്. ഇതിൽ ഒരു തിരിച്ചടി സർക്കാർ ഭയക്കുന്നുണ്ടെന്നും അതാണ് തിടുക്കപ്പെട്ട് ലോകയുക്തക്ക് പൂട്ടിടാൻ സർക്കാർ തുനിഞ്ഞിരിക്കുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബന്ധു നിയമനുമായി ബന്ധപ്പെട്ട് ലോകയുക്തയുടെ വിധിയിൽ മുൻ സർക്കാരിലെ മന്ത്രിയായിരുന്ന കെ.ടി.ജലീലിന് രാജിവെക്കേണ്ടി വന്നിരുന്നു.ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ ലോകയുക്ത വിധി സർക്കാരിന് എതിരായാൽ ഒന്നാം പിണറായി സർക്കാരിലെ ഭൂരിപക്ഷം മന്ത്രിമാരും പ്രതിക്കൂട്ടിലാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം കൂടിയാണ് മേൽപറഞ്ഞ ദുരിതാശ്വാസ ഫണ്ടുകൾ അനുവദിച്ചിട്ടുള്ളത് എന്നതാണിതിന് കാരണം.
ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന സ്ഥിതിയുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. മുൻ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം അനുസരിച്ചാണ് സർക്കാർ നിയമഭേദഗതിക്കുള്ള തീരുമാനമെടുത്തതെന്നും കോടിയേരി പറയുകയുണ്ടായി.