തിരുവനന്തപുരം> ഫയർഫോഴ്സ് സ്കൂബ ടീമിൽ അംഗമായിരിക്കെ രക്ഷാപ്രവർത്തനത്തിനിടെ പമ്പയാറ്റിൽ മരണത്തിനു കീഴടങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് ലഭിച്ചു. ഫയർഫോഴ്സ് പത്തനംതിട്ട യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആർ ആർ ശരത്തിനാണ് മരണാനന്തര ബഹുമതി. ശരത്തിന്റെ മരണം തീർത്ത നോവിനിടെ ഈ ബഹുമതി കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അഭിമാനം നൽകുന്നതാണ്.
തിരുവനന്തപുരം ഒറ്റശേഖരമംഗലം മൈലച്ചൽ സ്വദേശിയാണ്. 2020 ഒക്ടോബർ 22നാണ് ശരത്തിന്റെ ജീവൻ നഷ്ടപ്പെട്ടത്. 2015ൽ ഫയർഫോഴ്സിൽ ചേർന്ന ശരത് അന്നുമുതൽ ഫയർഫോഴ്സ് പത്തനംതിട്ട യൂണിറ്റിലായിരുന്നു. പമ്പയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികനെ തിരഞ്ഞാണ് സഹപ്രവർത്തകർക്കൊപ്പം ഫയർഫോഴ്സിലെ സ്കൂബാ ടീമിൽ അംഗമായ ശരത് ആറ്റിലിറങ്ങിയത്. തിരച്ചിൽ നടത്തുന്നതിനിടെ തടയണയുടെ ഭാഗത്ത് എത്തിയപ്പോൾ ഡിങ്കിയിൽനിന്ന് എല്ലാവരും തെറിച്ചുവീണു. തുടർന്ന് രക്ഷപ്പെട്ട മറ്റുള്ളവർ ചുഴിയിൽനിന്ന് ശരത്തിനെ പുറത്തെടുത്ത് പ്രഥമ ശുശ്രുഷ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അഭിമാനം
തോന്നുന്നു: അഖില
‘ശരത്തിന്റെ ഭാര്യയാണെന്നു പറയുന്നതിൽ എന്നും അഭിമാനമാണ്. നഷ്ടം നഷ്ടം തന്നെയാണ്. എങ്കിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണല്ലോ അദ്ദേഹം പോയത്. ഇപ്പോൾ രാജ്യത്തിന്റെ അംഗീകാരവും ലഭിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഇത് കൂടുതൽ ധൈര്യം പകരും’–- ശരത്തിന്റെ ഭാര്യ അഖിലയുടെ വാക്കുകളാണിത്. ഭർത്താവിന്റെ വിയോഗത്തിലുള്ള ദുഃഖത്തിനിടയിലും അഭിമാനത്തോടെയാണ് അവരിത് പറയുന്നത്.
ശരത്തിന്റെ അച്ഛൻ എം എസ് രാജേശ്വരനും അമ്മ രത്നകുമാരിയും മകന്റെ വേർപാടിൽ ദുഃഖിതരാണെങ്കിലും മകന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് ലഭിച്ചതിൽ അഭിമാനിക്കുന്നു. അഥർവാണ് ശരത്തിന്റെ മകൻ. ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരിക്കുകയാണ് അഖില. ഈ കാര്യത്തിൽ താമസിയാതെ അനുകൂല നടപടിയുണ്ടാകുമെന്നും അവർ പ്രതീക്ഷ പങ്കുവച്ചു.