കീഴാറ്റൂർ വയലിന് കുറുകെ വലിയ ടിപ്പർ ലോറികൾ പൊടിപാറ്റി അകന്ന് പോവുകയാണ്. മൂന്ന് വർഷം മുമ്പ് കേരളം കേട്ട കേരളം കീഴാറ്റൂരിലേക്ക് എന്ന ഏറ്റവും വലിയ പരിസ്ഥിതി മുദ്രാവാക്യം ഏറെ കാലം ഉയർന്ന് കേട്ട പടുകൂട്ടൻ വയൽ. പക്ഷേ, സമരങ്ങളും സമര നേതാക്കളും രാഷ്ട്രയക്കാരും പരിസ്ഥിതി പ്രവർത്തകരും പല വഴിക്കായപ്പോൾ കീഴാറ്റൂരിനെ കുറുകെ മുറിച്ച് തകൃതിയിലാണ് ബൈപ്പാസ് പണി. സമരം നയിച്ചവർ വെറും വികസന വിരോധികളുമായി.
ഇന്ന് വയൽകിളികളിൽ ബാക്കിയായിട്ടുള്ളത് അന്നത്തെ സമര നേതാവ് 75 വയസ്സുകാരി നമ്പ്രാടത്ത് ജാനകിയും ചുരുക്കം ചിലരുമാണ്. പലർക്കും അങ്ങനെയൊരു സമരംനടന്നോയെന്ന് പോലും ഓർമിക്കാൻ ഇഷ്ടമില്ലാത്തത് പോലെ. ഞങ്ങൾ വയൽക്കിളികളെ തേടി ഒരു വട്ടം കൂടി കീഴാറ്റൂരിലെത്തുമ്പോൾ സമരഭൂമിയായിരുന്ന വയലിന് കുറുകെ ടിപ്പറുകൾ ചീറിപ്പാഞ്ഞ് പോവുമ്പോഴുള്ള പൊടിപടലം തടയാൻ വീടിന്റെ അതിർത്തിയിൽ വലിയ തുണികെട്ടി മറച്ച് ഉണങ്ങിയ അടക്ക തൊലിയുരിച്ച് മാറ്റുന്നതിലെ തിരക്കിലായിരുന്നു നമ്പ്രാടത്ത് ജാനകി. അന്നത്തെ സമരനേതാക്കളിൽ പ്രമുഖനായ സുരേഷ് കീഴാറ്റൂർ ഇന്ന് ചെങ്കൊടിക്ക് പുറകെയായി. മറ്റ് ചിലരെ അധികാരികൾ മിണ്ടാതാക്കി. വയൽകിളികൾ സി.പി.എം കിളികളായെന്നും വയൽകിളികളുടെ ചിറകരിഞ്ഞെന്നും പൊതുമധ്യമത്തിൽ നേതാക്കൾ സമയം കിട്ടുമ്പോഴൊക്കെ ആക്ഷേപിക്കുമ്പോൾ നമ്പ്രാടത്ത് ജാനകി വീണ്ടും സംസാരിച്ച് തുടങ്ങുകയാണ്.
വയൽക്കിളികൾ ആരും സി.പി.എം ആയിട്ടില്ലെന്ന് പറയുന്നു നമ്പ്രാടത്ത് ജാനകി. അവർക്ക് അതിന് പറ്റുകയുമില്ല. പക്ഷേ,അന്ന് വയൽകിളികൾ എന്താണോ പൊതുജനങ്ങളോട് പറഞ്ഞത് അത് തന്നെയാണ് നിങ്ങളുടെ കൺമുന്നിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഒരു നാടിനെ രണ്ടായി മുറിച്ചിട്ടു. ഈ നാട്ടിലെ കുടിവെള്ളത്തെ ബാധിക്കില്ലെന്ന് വാദിച്ചവർ തൊട്ടപ്പുറത്ത അമ്പലക്കുളത്തെ വെളളത്തിനടുത്ത് ഒന്ന് വരണം. കറുത്ത് പാടകെട്ടിയ വെള്ളം കാണാം. സമീപത്തെ വീട്ടുകാരുടെ കിണറുകളിലേക്കും നോക്കണം. ബൈപ്പാസ് പലരേയും ഇപ്പോൾ തന്നെ രോഗികളാക്കിയിട്ടുണ്ട്. പക്ഷേ, ആരുമാരും പുറത്ത് പറയുന്നില്ല. പുറത്ത് പറഞ്ഞാൽ അല്ലെങ്കിൽ ബൈപ്പാസിനെതിരേ ഇനിയൊരു ശബ്ദമുയർന്നാൽ അവർക്കിവിടെ ജീവിക്കാൻ കഴിയില്ലെന്ന കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട് രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് ജനങ്ങൾ എല്ലാം കണ്ടിട്ടും കണ്ടിട്ടില്ലെന്ന് നടിക്കുകയാണെന്ന് പറയുന്നു അന്നത്ത പ്രായംതോൽക്കാത്ത സമരവീര്യം.
വയൽകിളികൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. തോറ്റോടിയതുമല്ല. പക്ഷേ, ചിലർ പിന്നിൽ നിന്ന് കുത്തി. കൂട്ടത്തിൽ നിന്നുതന്നെ കാലുവാരൽ ഉണ്ടായി. പുറത്ത് നിന്നുള്ളവരെ നമുക്ക് മനസ്സിലാക്കാം. പക്ഷേ ഉള്ളിൽ നിന്ന് തന്നെ കുത്തൽ വരുമ്പോൾ അതിനെ അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തത് മാത്രമായിരുന്നു ഞങ്ങൾക്ക് പറ്റിയ തോൽവി. പക്ഷേ പിന്നിൽ നിന്ന് കുത്തിയവർക്കെല്ലാം ഈ വയലിനെ നെറുകെ കീറി മുറിച്ചിട്ട് പരിസ്ഥിതിയെ കൊന്നൊടുക്കുന്നത് കാണുമ്പോൾ കുറ്റബോധം തോന്നുന്നുണ്ട്.പക്ഷേ ആരും മിണ്ടുന്നില്ല. അന്ന് ആധാരം വിട്ട് കൊടുക്കാത്തവരോട് ബന്ധപ്പെട്ടവർ പറഞ്ഞത് തൂണിന് മുകളിലൂടെയായിരിക്കും റോഡ് പോവുകയെന്നാണ്. എന്നിട്ട് തൂണിന് മുകളിലൂടെ റോഡ് പോവുന്നതാണോ നിങ്ങൾ കാണുന്നത്. വയലിൽ നിന്ന് ചെളിയെടുത്ത് കൊണ്ടുപോവില്ലെന്നാണ് പറഞ്ഞുകൊണ്ടിരിന്നത്. എന്നിട്ട് ചെളിയും വണ്ടിയും ജനങ്ങളുടെ മൂക്കിന് മുന്നിലൂടെ പോയിട്ടും ആർക്കും മിണ്ടാട്ടമില്ല. അന്ന് പരിസ്ഥിതിക്കും വയലിനും വേണ്ടി വാദിച്ചവരെയെല്ലാം പലരും വിലയ്ക്ക് വാങ്ങി. പി.ജയരാജൻ നേരിട്ട് വിളിച്ച് വരുത്തിയാണ് ചിലരെ അടർത്തി മാറ്റിയത്. അന്ന് വയലിനും പരിസ്ഥിതിക്കും വേണ്ടി പോരാടിയവരെല്ലാം ഇന്ന് കെ.റെയിലിന് വേണ്ടി വാദിച്ചുനടക്കുകയാണ്.
കീഴാറ്റൂർ വയലിൽ കൃഷിയില്ലെന്നും തരിശ് ഭൂമിയാണെന്നുമാണ് മറ്റു ചിലർ പറഞ്ഞ് പരത്തിയത്. പക്ഷേ എന്റെ വീടിന് അകത്ത് നോക്കൂ. കഴിഞ്ഞ തവണ കൊയ്ത നെല്ലിന്റെ ബാക്കി ഇപ്പോഴുമുണ്ട്. ഈ നാട്ടിലെ പച്ചക്കറി കൃഷിയും നെൽകൃഷിയും കുടിവെള്ളവുമെല്ലാം ഈ വയലിനെ കേന്ദ്രീകരിച്ച് കൊണ്ടു തന്നെയായിയിരുന്നു. എന്നാൽ ബൈപ്പാസ് പണി ആരംഭിച്ചതോടെ പലർക്കും വയലിൽ ഇറങ്ങാൻ പറ്റാതായി. നീരുറവകൾ വറ്റിത്തുടങ്ങി. മഴക്കാലത്ത് ഇവിടെ വന്നവർക്കറിയാം, നോക്കത്താ ദൂരത്ത് പുഴപോലെ വെള്ളം നിറഞ്ഞ കീഴാറ്റൂർ വയലിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ കഴിയില്ല. ഇതിൽ മണ്ണിട്ട് നികത്തി വയലിന്റെ സ്വാഭാവികത മാറ്റിയതോടെ വലിയൊരു ദുരുന്തത്തെ മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് ഓരോരുത്തരും ഇവിടെ കഴിഞ്ഞുകൂടുന്നത്.