തിരുവനന്തപുരം> കേരളത്തിൽ കോവിഡ് വ്യപനം തീവ്രമായി തുടരുകയാണെന്നും ഇന്ന് അര ലക്ഷത്തിലധികം കോവിഡ് കേസുകൾ ഉണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുമായി 4,917 ജീവനക്കാരെ വിവിധ തലങ്ങളിൽ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശയ വിനിമയത്തിനായി മെഡിക്കല് കോളേജുകളിൽ കൺട്രോൾ റൂം ആരംഭിക്കും. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വരുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിന് ഇൻഫെക്ഷൻ കണ്ട്രോൾ സംവിധാനം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. ഫീൽഡിൽ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കും. കോവിഡ് ഡേറ്റ ശേഖരണത്തിലെ സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചതായും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ പ്രത്യേക അവലോകനയോഗം ചേര്ന്നു. ജില്ലയിൽ നിന്നുള്ള മന്ത്രിമാര് ഉള്പ്പടെ പങ്കെടുത്ത് സാഹചര്യം പ്രത്യേകമായി വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ 20-30 വയസുവരെയുള്ളവരിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നതെന്നും മന്ത്രി പറഞ്ഞു.