കൊച്ചി: വെള്ളത്തിന്റെ പണം അടയ്ക്കാതെ തീരം വിടാനുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യൻ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയാണ് ഹൈക്കോടതി തടഞ്ഞത്. അർധരാത്രി സിറ്റിങ് നടത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽഅർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കപ്പലിന് വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് രണ്ടരകോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. എന്നാൽ ഈ പണം നൽകാതെ ഇന്ന് രാവിലെ തുറമുഖം വിടാനായിരുന്നു കപ്പൽ അധികൃതരുടെ നീക്കം. എന്നാൽ വെള്ളം നൽകിയ കമ്പനി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് അർധരാത്രി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി തന്നെ സിറ്റിങ് നടത്തിയത്.
കപ്പൽ അധികൃതർ നൽകാനുള്ള രണ്ടരക്കോടി രൂപ രണ്ടാഴ്ചക്കകം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അതേസമയം രണ്ടാഴ്ചക്കകം ഈ തുക ലഭിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യുന്നതിനുള്ള നടപടിയിലേക്ക് ഹർജിക്കാരന് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കപ്പൽ കൊച്ചി തുറമുഖം വിട്ടാൽ ഈ തുക തങ്ങൾക്ക് തിരികെ ലഭിക്കുക സാധ്യമല്ല എന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു. നിലവിലത്തെ ഹൈക്കോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തിൽ കപ്പലിന് പണം നൽകാതെ തീരം വിടാൻ സാധിക്കുകയില്ല.
Content Highlights:High Court blocked the journey of Cargo ship who ready to leave shore without payment of money