ഏതെങ്കിലും വിഷയത്തിൽ അഴിമതി തെളിഞ്ഞാൽ പൊതു പ്രവർത്തകൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു വിധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ട്. ഇത്തരത്തിലുള്ള വിധി ബന്ധപ്പെട്ട അധികാരികൾക്ക് നൽകണമെന്നതാണ് നിയമം. ഇത് അംഗീകരിക്കാൻ അധികാരികൾ ബാധ്യസ്ഥരാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് അദ്ദേഹം രാജിവെച്ച് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിഷയത്തിൽ കോടതി ഇടപെട്ടില്ല.
പൊതു പ്രവർത്തകർ നടത്തുന്ന അഴിമതി അന്വേഷിക്കാനും നടപടി സ്വീകരിക്കാനുമാണ് കേന്ദ്ര നിർദ്ദേശ പ്രകാരം 1998ൽ സംസ്ഥാനങ്ങളിൽ ലോകായുക്ത സ്ഥാപിച്ചത്. പലപ്പോഴും ശുപാർശ രൂപേണയാണ് ലോകായുക്ത വിധി പുറപ്പെടുവിക്കുക. ഉള്ളതിൽ ഏറ്റവും ശക്തമായ അധികാരമാണ് അഴിമതിക്കാരനായ പൊതു പ്രവർത്തകനെ സ്ഥാനത്തു നിന്നും മാറ്റിനിർത്തുക എന്നുള്ളത്. എന്നാൽ പുതിയ ഓർഡിനൻസ് നിയമമായാൽ ലോകായുക്തയുടെ അധികാരം നഷ്ടമാകും.