കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ടോറസ് ലോറി ദേവിയാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. പുത്തൻകുരിശ് തലകോട് ഇഞ്ചപ്പാറ സ്വദേശി കോവിലാംകുടിയിൽ സിജു, കോതമംഗലം സ്വദേശിയായ സന്തോഷ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ വാളറ വെള്ളച്ചാട്ടത്തിന് സമീപത്ത് 300 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ക്യാബിൻ പൂർണമായും തകർന്ന നിലയിലായിരുന്നു. ഹൈറേഞ്ചിൽ മെറ്റിൽ ഇറക്കി തിരികെ പോകവെ ബസിന് സൈഡ് കൊടുക്കുമ്പോഴാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. പലവട്ടം മറിഞ്ഞ് പുഴയോട് ചേർന്നുള്ള പാറക്കല്ലുകളുടെ കൂട്ടത്തിലേക്ക് ലോറി വന്ന് പതിക്കുകയായിരുന്നു. ലോറി തലകീഴായി മറിഞ്ഞാണ് കിടന്നിരുന്നത്.
പുലർച്ചേ മൂന്ന് മണിയോടെയാണ് ഇരുവരുടേയും മൃതദേഹം പുറത്തെടുത്തത്. വനമേഖലയും ഇരുട്ടും ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് അസ്കാ ലൈറ്റ് സംവിധാനം ഒരുക്കി രക്ഷാപ്രവർത്തകർ വടംകെട്ടി ഇറങ്ങിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. അടിമാലി പോലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിലാണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തത്.
Content Highlights:lorry accident in Idukki killed two