തിരുവനന്തപുരം
ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർ, ബിപിഎൽ വിഭാഗത്തിലുള്ളവർ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്ക് വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ, പാലിയേറ്റീവ് കെയർ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് വീടുകളിൽ മരുന്നുകൾ എത്തിക്കുക. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
പ്രത്യേക പരിഗണന ആവശ്യമായി വരുന്നരാണ് കിടപ്പ് രോഗികൾ. ഇവർക്ക് കോവിഡ് വന്നാൽ മൂർച്ഛിക്കാൻ സാധ്യത കൂടുതലാണ്. പാലിയേറ്റീവ് പരിചരണത്തിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വളന്റിയർമാർക്കും നിർദേശം നൽകി. കിടപ്പു രോഗികൾക്ക് കോവിഡ് ബാധിക്കാതെ എങ്ങനെ സംരക്ഷിക്കാമെന്ന് കുടുംബാംഗങ്ങൾക്കും കൂട്ടിരിപ്പുകാർക്കും അവബോധം നൽകുന്നുമുണ്ട്.
ആശുപത്രി കയറിയിറങ്ങേണ്ട
ഇ സഞ്ജീവനിയുണ്ടല്ലോ
കോവിഡ് വ്യാപന സാഹചര്യത്തിൽ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ഇ സഞ്ജീവനി സേവനം ഉപയോഗപ്പെടുത്താം. ഇതിനായി 47 സഞ്ജീവനി ഓൺലെെൻ ഒപി സംസ്ഥാനത്ത് സജ്ജമാണ്. 5800 ഡോക്ടർമാരുടെയും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും സേവനവും ഉണ്ട്. ഇവർ നൽകുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നും പരിശോധനയും സൗജന്യമായി ലഭിക്കും. ഏത് സമയത്തും സേവനം ലഭ്യമാണ്.