തിരുവനന്തപുരം
‘‘മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കയില്ല’’–-തിങ്കളാഴ്ച രാവിലെ മുതൽ റിപ്പോർട്ടർമാർ “തള്ളി’ മറിക്കാൻ തുടങ്ങിയതാണ്. ‘ബ്രേക്കിങ് ന്യൂസ്’ അറിഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇതേ ചാനൽ ‘തള്ളു’കാരെ പിപിഇ കിറ്റ് ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലേക്ക് വരാൻ ക്ഷണിച്ചു. ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ കാണിച്ചുതരാമെന്നും പറഞ്ഞു. വാർത്തയുടെ തിരുത്ത് കൊടുത്ത് നാണംകെടേണ്ടിവരുമെന്ന് അറിഞ്ഞവർ ഓരോരുത്തരായി മുങ്ങി. മന്ത്രി ഓഫീസിൽ വിളിച്ച് മെഡിക്കൽ കോളേജിൽ വരാൻ തയ്യാറാണെന്ന് പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് സംഘവും പിന്നീട് തീരുമാനം മാറ്റി ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി.
ചികിത്സ കിട്ടുന്നില്ല, ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ഐസിയുവിൽ കേറാൻ പോലും സ്ഥലമില്ല എന്നൊക്കെയായിരുന്നു ‘ ബ്രേക്കിങ് ’. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുടങ്ങി മെഡിക്കൽ കോളേജ് ആശുപത്രികളിലൊന്നും ‘ രക്ഷയില്ല ! ’ എന്നും ഇക്കൂട്ടർ തട്ടിവിട്ടു.
‘‘അതേസമയം, സ്വകാര്യ ആശുപത്രികളിൽ യഥേഷ്ടം കിടക്കകളുണ്ട്. സർക്കാർ ഒരുക്കം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷവും എൻഎസ്എസും വിമർശിച്ചിരുന്നു. ’’ എന്നുകൂടി ചിലർ കടത്തി പറഞ്ഞു. കിടക്കകളുടെ എണ്ണംവച്ച് മന്ത്രി വിശദീകരിച്ചിട്ടും ‘ബ്രേക്കിങ്ങു’കാർക്ക് കുലുക്കമില്ല. അതോടെയാണ് ആശുപത്രി സന്ദർശിക്കാൻ ക്ഷണിച്ചത്. ആരും പ്രതീക്ഷിക്കാത്ത ‘ക്ഷണ’ത്തിൽ ചാനലുകൾ പെട്ടുപോയി. നുണപൊളിയുമെന്ന ഘട്ടത്തിൽ കൂട്ടമായി ചാനലുകാർ മുങ്ങി. ഈ മഹാമാരിക്കാലത്ത് ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ മാധ്യമങ്ങൾ അഴിച്ചുവിടരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.