ന്യൂഡൽഹി
വിദേശത്തുനിന്നു വരുന്ന യാത്രക്കാർ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. വിമാനത്താവളങ്ങളിലെ പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചാൽ നിർബന്ധമായും ഐസോലേഷൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന നിബന്ധന ശനിയാഴ്ച മുതൽ ഒഴിവാക്കി. പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് അയക്കും. ഇവരെ ഐസോലേഷൻ കേന്ദ്രത്തിലേക്കു മാറ്റില്ല. പകരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകും. സ്വന്തംനിലയിൽ ഐസോലേഷനിൽ കഴിയാൻ സൗകര്യമുള്ളവർക്ക് അതിന് അനുമതി നൽകും. പരിശോധനകളിൽ നെഗറ്റീവാകുന്നവർ സ്വയം സമ്പർക്കവിലക്ക് പാലിക്കണം.
തുടർന്ന് എട്ടാംദിവസം ആർടിപിസിആർ പരിശോധന നടത്തി എയർ സുവിധാ പോർട്ടലിൽ പരിശോധനാഫലം അപ്ലോഡ് ചെയ്യണം. ഏഴുദിവസംകൂടി ആരോഗ്യനില സ്വയംനിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.