ബംഗളൂരു
വാഹനം വാങ്ങാൻ കയറിയപ്പോള്‍ പണമുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ച ഷോറൂം ജീവനക്കാരന് മുന്നില്‍ അരമണിക്കൂറിനകം പത്തുലക്ഷം രൂപയുമായെത്തി കര്‍ഷകന്റെ പ്രതികാരം. കർണാടകത്തിലെ തുമക്കുറുവില്‍ വെള്ളിയാഴ്ചയാണ് സംഭവം.
അടയ്ക്കാകര്‍ഷകന്‍ രണമപാല്യ സ്വദേശി ആർ എൽ കെംപെഗൗഡ വണ്ടി വാങ്ങാനെത്തിയപ്പോള്‍ കടയിലെ ജീവനക്കാരന് അത്ര പിടിച്ചില്ല. പത്തുരൂപയെങ്കിലും കെെയിലുണ്ടാകില്ലെന്ന് പറഞ്ഞ് കടയിൽനിന്ന് ഇറക്കിവിട്ടു. കെംപെഗൗഡയും കൂട്ടുകാരും നേരം പോക്കിന് വന്നതാണെന്നാണ് ഇയാൾ വിചാരിച്ചത്. പണം എത്തിച്ചാൽ ഇന്നുതന്നെ വണ്ടി കെെമാറണമെന്ന് പറഞ്ഞ് മടങ്ങിയ കെംപെഗൗഡ അരമണിക്കൂറിനകം പത്തുലക്ഷവുമായി തിരികെയെത്തി. വണ്ടി നല്കണമെങ്കില് രണ്ടുദിവസം വൈകുമെന്നായി അപ്പോള്‍ ജീവനക്കാരന്.
ബഹളമായതോടെ പൊലീസ് സ്ഥലത്തെത്തി.വസ്ത്രം കണ്ടാണ് ജീവനക്കാരൻ ഇത്തരത്തിൽ പെരുമാറിയതെന്ന് കെംപെഗൗഡ പറഞ്ഞു. ജീവനക്കാരന് രേഖാമൂലം മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെട്ട് കടയ്ക്ക് മുന്നില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് കെംപെഗൗഡയും കൂട്ടുകാരും