ന്യൂഡൽഹി
പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമ്മർദംചെലുത്തിയതായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്.
പാകിസ്ഥാനിലുള്ള സുഹൃത്ത് വഴിയാണ് ഇമ്രാൻ സിദ്ദുവിനായി ഇടപെട്ടതെന്നും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയ്ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അമരീന്ദർ ആരോപിച്ചു. സിദ്ദുവിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ ഘട്ടത്തിലാണ് ഇടപെടലുണ്ടായത്. സിദ്ദു പഴയ സുഹൃത്താണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെടുക്കണമെന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ പിന്നീട് ഒഴിവാക്കാമെന്നും ഇമ്രാൻ നിർദേശിച്ചു–- അമരീന്ദർ പറഞ്ഞു. ആരോപണത്തോട് പ്രതികരിക്കാൻ സിദ്ദു കൂട്ടാക്കിയില്ല.
കാലഹരണപ്പെട്ടവർക്ക് മറുപടി പറയാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് സിദ്ദു പറഞ്ഞു. സിദ്ദുവുമായുള്ള ഗ്രൂപ്പുപോരിനെ തുടർന്നാണ് കഴിഞ്ഞ വർഷം അമരീന്ദർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. പുതിയ പാർടി രൂപീകരിച്ച അമരീന്ദർ ബിജെപിയുമായി സഖ്യത്തിലാണ് മത്സരം.