പുതിയ മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ ചർച്ചയുണ്ടാകും. ഇതിന് ശേഷമാകും ഏപിൽ മുതൽ നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ പ്രഖ്യാപനം ഉണ്ടാകുക. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനാകും പ്രധാന പരിഗണന.
കൊവിഡ് സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട തിരക്കും നീണ്ട നിരയും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തിരക്ക് കുറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള മികച്ച സൗകര്യം ഏർപ്പെടുത്താൻ കഴിയാത്തതിൽ കോടതി പ്രതികരിക്കുകയും ചെയ്തു. ഈ സാചര്യങ്ങൾ കണക്കിലെടുത്താണ് കൂടുതൽ മദ്യവിൽപ്പന ശാലകൾ കൊണ്ടുവരാനുള്ള നീക്കം ബവ്കോ നടത്തുന്നത്.
ടൂറിസം കേന്ദ്രങ്ങളിലടക്കം പുതിയ വിൽപ്പനശാലകൾ ആരംഭിക്കാമെന്ന് പുതിയ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബവ്കോ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ 32 ഷോപ്പുകൾ വേണമെന്നാണ് ആവശ്യം. സുപ്രീം കോടതി വിധിയെ തുടർന്ന് ഷോപ്പുകൾ മാറ്റിയ സ്ഥലങ്ങളിൽ 56 പുതിയ ഷോപ്പുകൾ ആരംഭിക്കാനാണ് നിർദേശം. നഗരസഭാ പ്രദേശത്തെ തിരക്ക് ഒഴിവാക്കാൻ 57 ഷോപ്പുകൾ തുറക്കണം.
20 കിലോമീറ്ററിൽ അധികം ദൂരത്തിൽ ചില്ലറ വിൽപ്പന ശാലകൾ പ്രവർത്തിക്കുന്ന 18 ഇടങ്ങളിൽ ഷോപ്പുകൾ ആരംഭിക്കണം. തീരപ്രദേശങ്ങളിലും ലയോര മേഖലകളിലും 24 പുതിയ ഷോപ്പുകൾ തുറക്കണം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശത്തിലുണ്ട്.