തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകാൻ ആരോഗ്യവകുപ്പിന്റെ പദ്ധതി.
സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നത്. സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകും.
കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന സമ്പർക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്ക്കരിച്ചത്. ഈ വിഭാഗക്കാർ ഇടയ്ക്കിടയ്ക്ക് മരുന്നു വാങ്ങാൻ യാത്ര ചെയ്ത് ആശുപത്രികളിൽ എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം.
പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികൾ. ഇവർക്ക് കോവിഡ് വന്നുകഴിഞ്ഞാൽ അത് മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയർ രോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വോളണ്ടിയർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അവർക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകൾ എത്തിച്ചു കൊടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ രോഗികളെ എങ്ങനെ കോവിഡ് വരാതെ സംരക്ഷിക്കാമെന്ന് അവരുടെ കുടുംബാംഗങ്ങൾക്കും കൂട്ടിരിപ്പുകാർക്കും അവബോധവും നൽകി വരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.