തിരുവനന്തപുരം > വിവിധ സാഹസിക ജലകായിക വിനോദങ്ങളുടെ ഇടമാകാൻ ഒരുങ്ങി കോവളം ബീച്ച്. വിനോദ സഞ്ചാരികളുടെ പ്രിയ ഇടമായ കോവളം ബീച്ചിനെ സാഹസിക ജലകായിക വിനോദങ്ങളുടെ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയുടെ നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചു.
വിനോദസഞ്ചാരികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജല കായിക ഹബ് ഒരുക്കുന്നത്. സർഫിങ്, സ്കൂബാ ഡൈവിങ് എന്നിവ ആരംഭിക്കും. ഹബ് ഒരുക്കുന്നതിന്റെ ഭാഗമായി ജല കായിക വിനോദങ്ങൾ നടത്താൻ ഫ്ലോട്ടിങ് ജെട്ടി നിർമിക്കും.
സാഹസിക ജല സ്പോർട്സിന്റെ ഫെസിലിറ്റേഷൻ സെന്ററായി ഫ്ലോട്ടിങ് ജെട്ടി പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പഠിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഹാർബർ എൻജിനിയറിങ് ഡിവിഷനെ ടൂറിസം വകുപ്പ് ചുമതലപ്പെടുത്തി. സാഹസികതയ്ക്ക് താൽപ്പര്യമില്ലാത്തവർക്ക് സൺബാത്തും കടൽ കാണാനും സുരക്ഷിതമായി കടലിൽ നീന്താനുമുള്ള സൗകര്യവും ഒരുക്കും.
വിവാഹവും ബീച്ചിലാക്കാം
കോവളത്തെ ടൂറിസ്റ്റ് വിവര കേന്ദ്രത്തിനും ഗസ്റ്റ് ഹൗസിനും സമീപത്തുള്ള ഡിടിപിസിയുടെ സൈലന്റ് വാലി കേന്ദ്രത്തിലും പുതിയ സൗകര്യങ്ങൾ വരുന്നു. നാലു കോടി രൂപ ചെലവിട്ട് നടത്തിയ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്പാ, കോഫി ഷോപ്, ലൈബ്രറി തുടങ്ങിയവ ഇവിടെ ആരംഭിക്കും. കടലിനോട് ചേർന്ന് വിവാഹം പോലെയുള്ള പരിപാടികൾ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതിന്റെ നടത്തിപ്പിനായി ടെൻഡർ വിളിച്ചിട്ടുണ്ട്.