ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് നീട്ടിനൽകാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ വിചാരണ കോടതി ജഡ്ജിക്ക് സുപ്രീം കോടതിയെ സമീപിക്കാം. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം ഇപ്പോൾ നടക്കുന്നത് സർക്കാരിന്റെ മാധ്യമ വിചാരണയാണെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു.
സുപ്രീം കോടതിയിൽ ഇന്ന് നടന്ന വാദ പ്രതിവാദങ്ങൾ
ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ) : കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണിത്.
മുകുൾ റോത്തഗി (ദിലീപിന്റെ അഭിഭാഷകൻ) : ഞങ്ങൾ ഈ ആവശ്യത്തെ എതിർക്കുകയാണ്.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ : വിചാരണ പൂർത്തിയാക്കേണ്ടത് ഉണ്ട്. മിസ്റ്റർ റോത്തഗി , നിങ്ങൾ എന്തിനാണ് ഇതിനെ എതിർക്കുന്നത്?
മുകുൾ റോത്തഗി : വിചാരണ നീട്ടി കൊണ്ട് പോകാനാണ് ഈ അപേക്ഷ. വിചാരണ കോടതി ജഡ്ജിയെ മാറ്റാനായിരുന്നു ആദ്യ ശ്രമം. അത് പരാജയപെട്ടു. പ്രോസിക്യുട്ടറുടെ രാജി ആയിരുന്നു അടുത്തത്. വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് തവണ വിചാരണയ്ക്ക് സമയം നീട്ടി നൽകിയതാണ്. ഇപ്പോൾ സർക്കാർ കളിക്കുന്നത് വികൃതമായ കളിയാണ്.
ജസ്റ്റിസ് ഖാൻവിൽക്കർ : വിചാരണ കോടതി ജഡ്ജിയും കൂടുതൽ സമയം ആവശ്യപെട്ടില്ലേ ?
റോത്തഗി : ഇല്ല. വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടില്ല.
ജസ്റ്റിസ് ഖാൻവിൽക്കർ : സർക്കാർ ആവശ്യം പരിഗണിച്ച് ഞങ്ങൾ സമയം കൂട്ടിനൽകില്ല. വിചാരണ കോടതി ജഡ്ജി റിപ്പോർട്ട് നൽകട്ടെ. സമയം കൂടുതൽ ആവശ്യമാണെങ്കിൽ വിചാരണ ജഡ്ജിയാണ് ആവശ്യപ്പെടേണ്ടത്.
ജയ്ദീപ് ഗുപ്ത : സുപ്രീം കോടതി വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ പുതിയ സാക്ഷികളെ വിസ്തരിക്കുന്നത് ഉൾപ്പടെയുള്ള പ്രോസിക്യുഷൻ ആവശ്യം പരിഗണിക്കാൻ വിചാരണ കോടതി ജഡ്ജിക്ക് കഴിയുന്നില്ല. കഴിഞ്ഞ തവണ ഹൈക്കോടതിയെ സമീപിക്കാൻ ഞങ്ങളോട് പറഞ്ഞു. ഹൈക്കോടതിയാണ് പുതിയ സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകിയത്. അന്വേഷണത്തിന് എതിരെ ഇത് ആദ്യമായാണ് ആരോപണം ഉന്നയിക്കുന്നത്.
ജസ്റ്റിസ് സി ടി രവികുമാർ : വിചാരണ പൂർത്തിയാക്കാൻ ഫെബ്രുവരി 16 വരെ സമയം ഉണ്ട്. വിചാരണ കോടതി ജഡ്ജിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
ജയ്ദീപ് ഗുപത: സുപ്രീം കോടതി സമയ പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ വിചാരണ കോടതി ജഡ്ജിക്ക് പരിമിതികൾ ഉണ്ട്. ഞങ്ങളുടെ അപേക്ഷയിൽ ഒമ്പതാം ഖണ്ണിക കോടതി വായിക്കണം. ചില സുപ്രധാന വെളിപ്പെടുത്തലുകൾ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
റോത്തഗി : വിചാരണ വൈകിപ്പിക്കാൻ ആണ് പുതിയ അന്വേഷണം. വെളിപ്പെടുത്തലുകൾ വിശ്വാസയോഗ്യമല്ല.
ജസ്റ്റിസ് ഖാൻവിൽക്കർ : വിചാരണ കോടതി ജഡ്ജിക്ക് ഉചിതമായ തീരുമാനം എടുക്കാം. വിചാരണ കോടതി ജഡ്ജി എത്തിയാൽ സമയം നീട്ടി നൽകുന്ന കാര്യം പരിഗണിക്കാം.
ജയ്ദീപ് ഗുപ്ത : വിചാരണ കോടതി ജഡ്ജിയിൽ നിന്ന് റിപ്പോർട്ട് തേടണം.
ജസ്റ്റിസ് ഖാൻവിൽക്കർ : റിപ്പോർട്ട് തേടില്ല. ആവശ്യമുണ്ടെങ്കിൽ വിചാരണ കോടതി ജഡ്ജി റിപ്പോർട്ട് നൽകും.
ജസ്റ്റിസ് ഖാൻവിൽക്കർ :സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ച് വിചാരണ നീട്ടി നൽകുന്നില്ല. മറ്റ് വിഷയങ്ങളിലേക്ക് ഞങ്ങൾ കടക്കുന്നില്ല. സർക്കാരിന്റെ അപേക്ഷ തീർപ്പാക്കുകയാണ്. വിചാരണ കോടതി ജഡ്ജിക്ക് ഉചിതമായ തീരുമാനമെടുക്കാം.
ജയ്ദീപ് ഗുപ്ത : പുതിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടക്കുകയാണ്. ഞങ്ങളുടെ അപേക്ഷ നിലനിറുത്തണം.
ജസ്റ്റിസ് ഖാൻവിൽക്കർ : ഇല്ല. ഇത് അപേക്ഷ തീർപ്പാക്കുകയാണ്. അപേക്ഷ നിലനിറുത്തിയാൽ അത് വിചാരണ കോടതിക്ക് തെറ്റായ സന്ദേശമാണ് നൽകുക.
മുകുൾ റോത്തഗി : സംസ്ഥാന സർക്കാർ മാധ്യമ വിചാരണ നടത്തുകയാണ്. അറിയപ്പെടുന്ന ചലച്ചിത്ര താരം കൂടിയായ എന്റെ കക്ഷി ഇതെല്ലം അനുഭവിക്കുകയാണ്.
ജസ്റ്റിസ് ഖാൻവിൽക്കർ : വിചാരണ കോടതി ജഡ്ജിക്ക് നീതി നിർവ്വഹണത്തിന് ഉള്ള സ്വാതന്ത്ര്യം ഉണ്ടാക്കട്ടെ.
Content Highlights: Supreme Court on actress assault case