തിരുവനന്തപുരം > കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് ജീവിതശൈലി രോഗങ്ങളുള്ള മുതിര്ന്ന പൗരന്മാര്ക്കും ബിപിഎല് വിഭാഗക്കാർക്കും വീടുകളില് സൗജന്യമായി മരുന്നുകള് എത്തിച്ചു നല്കും. ആശ പ്രവര്ത്തകരുടേയും പാലിയേറ്റീവ് കെയര് പ്രവര്ത്തകരുടേയും സന്നദ്ധപ്രവര്ത്തകരുടേയും സഹായത്തോടു കൂടിയാണ് മരുന്നുകള് എത്തിച്ചു നല്കുന്നത്. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള് ഉണ്ടാകുന്ന സമ്പര്ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്ക്കരിച്ചതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
മരുന്നു വാങ്ങാന് ആശുപത്രികളില് എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചികിത്സ പോലെ തന്നെ പ്രധാനമാണ് കോവിഡ് പ്രതിരോധവും. മുതിര്ന്ന പൗരന്മാര്ക്കും ജീവിതശൈലി രോഗമുള്ളവര്ക്കും കിടപ്പു രോഗികള്ക്കും കോവിഡ് ബാധിക്കാതെ സംരക്ഷിക്കണം. അതിനുള്ള അവബോധ പ്രവര്ത്തനങ്ങളും ശക്തമാക്കും.
പ്രത്യേക പരിഗണന ആവശ്യമായി വരുന്ന കിടപ്പ് രോഗികള്ക്ക് കോവിഡ് വന്നുകഴിഞ്ഞാല് അത് മൂര്ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയര് രോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയര് നഴ്സുമാര്ക്കും വോളണ്ടിയര്മാര്ക്കും നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.