കെ റെയിൽ സ്ഥാപിക്കുമ്പോൾ കേരളം നേരിട്ട പ്രളയകാലത്തെ മറക്കരുത്. കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിച്ചു വേണം അതിന്റെ പ്രവർത്തനം നടത്താൻ. ലോകത്തിന്റെ മാറ്റങ്ങൾ നാം ഉൾക്കൊള്ളണം. എല്ലാറ്റിനേയും എതിർക്കുക എന്ന നിലപാടില്ല. ഒരു പദ്ധതി വരുമ്പോൾ അതിൽ അപാകതയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും വേണം. അത്തരത്തിൽ സമവായത്തിനുള്ള പാതയൊരുക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ ചെയ്യേണ്ടതെന്ന് സുരേഷ് പറഞ്ഞു. മനോരമ ഓൺലൈനോടായിരുന്നു സുരേഷിന്റെ പ്രതികരണം.
വയൽ കിളി സമരത്തിന്റെ ഭാഗമായി പ്രവർത്തിച്ചവർ കഴിഞ്ഞ ലോക്കൽ കമ്മിറ്റി സമ്മേളമത്തോടെ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കീഴാറ്റൂരിലെ പ്രത്യേക സാഹചര്യത്തിൽ രൂപപ്പെട്ട കൂട്ടായ്മയാണ് വയൽ കിളികൾ. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന്റെ തുടക്കം മുതൽ ചെങ്കൊടിയെടുത്താണ് ഞങ്ങൾ സമരം ചെയ്തത്. വയൽ കിളി സമരം കേരളത്തിൽ വലിയ സ്വാധീനം ചെലുത്തിയ സമരം തന്നെയാണ്. നെൽവയലുകൾ കുന്നിടിച്ച് മണ്ണിട്ടു മൂടേണ്ടതല്ലെന്നും അത് നാടിന്റെ നാശത്തിനു വഴിതെളിക്കുമെന്നും ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് സമരം ചെയ്തതെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.