തിരുവനന്തപുരം: അസഹിഷ്ണുതയുടെ മൊത്തവ്യാപാരികൾ സെൽഭരണവും ഗൂണ്ടായിസവും കടുപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിൽവർ ലൈനിനെതിരെ കവിതയിലൂടെ പ്രതികരിച്ച കവി റഫീക്ക് അഹമ്മദിനെതിരായ സൈബർ ആക്രമണത്തെ വിമർശിക്കുകൊണ്ടാണ് സതീശന്റെ പ്രതികരണം.
അന്യന്റെ സ്വരം സംഗീതമായി വരും എന്നൊക്കെ പാടി നടക്കുന്ന ഈ ആക്രമണകാരികളുടെ കൂട്ടം, തങ്ങളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങൾ നടത്തുകയാണ്. അൻപത്തിരണ്ട് വെട്ട് വെട്ടി കൊല്ലുന്ന ക്രൂരതയുടെ പുതിയ പാഠങ്ങൾ ചമക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് കവി റഫീക്ക് അഹമ്മദിന് നേരെയുള്ള സി.പി.എം സൈബർ ആക്രമണവും വെർച്വൽ ഹിംസയും. സിൽവർ ലൈനിനെതിരെ കവിതയിലൂടെ പ്രതികരിച്ചതാണ് റഫീക്ക് അഹമ്മദ് ചെയ്ത പാതകം. പാർട്ടി കോടതി വിധിച്ച ശിക്ഷ സൈബർ ക്രിമിനലുകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നാട്ടിലിപ്പോഴും ജനാധിപത്യമുള്ളതു കൊണ്ട് പ്രിയ കവിയെ കോൺസൻട്രേഷൻ ക്യാംപിലേക്ക് അയയ്ക്കാൻ കഴിയില്ല. അതുകൊണ്ട് സൈബർ ലോകത്ത് ശിക്ഷാവിധി നടപ്പാക്കുന്നു. റഫീഖ് അഹമ്മദിന് ഈ വരികൾ കുറിക്കേണ്ടി വന്നത് കടുത്ത മനോവേദനയുടേയും ഒപ്പം പ്രതിഷേധത്തിന്റയും ഭാഗമായാകുമെന്നും അദ്ദേഹം പറയുന്നു.
വ്യാജ പ്രൊഫൈലുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നവരാണെങ്കിലും അവിടെയെല്ലാം ചുവപ്പും ചെൻതാരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും പാർട്ടിക്കോ നേതൃത്വത്തിനോ ഒഴിയാനാകില്ല. സ്വന്തമായി അഭിപ്രായമോ രാഷ്ട്രീയ നിലപാടോ ശബ്ദമോ എഴുത്തോ ഉള്ളവരെ അപമാനിക്കാം… കൊല്ലാം… നശിപ്പിക്കാം… അസഹിഷ്ണുതയുടെ ഒരു കോടി ചുവന്ന പൂക്കൾ വിരിയിക്കാം…… അങ്ങനെ മനുഷ്യനാകാം… മധുര മനോഹര മനോജ്ഞ കേരളം സൃഷ്ടിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ