കൊച്ചി: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് ഹൈക്കോടതി റദ്ദാക്കി. എല്ലാ അംഗങ്ങൾക്കും ഇനി മുതൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
നിലവിൽ എസ്എൻഡിപിയിലെ വോട്ട് രീതി 200 അംഗങ്ങൾ ഉള്ള ശാഖകൾക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങൾക്കും ഒരു വോട്ട്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹർജികൾ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹർജികൾ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനി നിയമം അനുസരിച്ച് 1974ൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള 1999ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. കോടതി വിധി അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
അതേസമയം വിധിയെകുറിച്ച് മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും വിധി പകർപ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. പ്രാതിനിധ്യ വോട്ട് രീതി പണ്ട് മുതൽ തുടങ്ങിയത് ആണ്. തനിക്ക് മുൻപും അതേ രീതിയാണ് പിന്തുടർന്നിരുന്നത്.
എസ്എൻഡിപിയിൽ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വെച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടർന്ന് വന്നിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം വിധി തനിക്ക് തിരിച്ചടിയാണോയെന്ന് പ്രതികരിക്കാൻ വെള്ളാപ്പള്ളി തയ്യാറായില്ല.
Content Highlights: hc cancels representative voting system in sndp