കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നതപോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലുമായി നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിനായി നടൻ ഹാജരാകും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ നാളെയോടെ അവസാനിക്കും. ആദ്യ ദിവസമായ ഇന്നലെ 11 മണിക്കൂറാണ് നടനെയും ഒപ്പമുള്ളവരേയും ചോദ്യം ചെയ്തത്.
ഉത്തരം തേടുന്നത് 26 സംഭവങ്ങളിൽ
ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികൾക്കും തങ്ങളുടേതായ റോൾ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലിൽ തെളിയും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്.
ആദ്യ ദിനം ചോദ്യം ചെയ്തത് 11 മണിക്കൂർ
ദിലീപിനെ ക്രൈംബ്രാഞ്ച് ആദ്യദിനം 11 മണിക്കൂർ ചോദ്യംചെയ്തു.ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഞായറാഴ്ച ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
ചോദ്യങ്ങൾക്ക് ദിലീപ് മറുപടി നൽകുന്നുണ്ട്, സഹകരിക്കുന്നോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു. മൊഴികൾ വിശദമായി വിലയിരുത്തിയശേഷം ബാക്കികാര്യങ്ങൾ തീരുമാനിക്കും. വി.ഐ.പി. ശരത്ത് ആണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പതുമണിക്ക് ചോദ്യംചെയ്യൽ തുടങ്ങി. അഞ്ചുപ്രതികളെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്തത്. അവസാന ദിവസം ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
ദിലീപിനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യംചെയ്തു
ദിലീപിനെ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേകം ചോദ്യംചെയ്തു. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. യോഗേഷ് അഗർവാൾ എന്നിവരാണ് ദിലീപിനെ ഒരുമണിക്കൂർ ചോദ്യംചെയ്തത്.രാവിലെ തയ്യാറാക്കിയ ചോദ്യങ്ങളിൽ മാറ്റംവരുത്തിയ ശേഷമായിരുന്നു ഉച്ചയ്ക്കുശേഷത്തെ ചോദ്യംചെയ്യൽ. ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്ന് ദിലീപ് ആവർത്തിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ആരെയും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയിൽ ജഡ്ജി പറഞ്ഞപ്പോൾപ്പോലും ദൃശ്യം കാണാൻ കൂട്ടാക്കാത്ത ആളാണ് താനെന്നും ദിലീപ് മറുപടിനൽകി.
ചോദ്യംചെയ്യൽ തുടങ്ങിയപ്പോൾ ഓർമയില്ലെന്ന മറുപടിനൽകി ഒഴിഞ്ഞുമാറാൻ പ്രതികൾ ശ്രമിച്ചതായാണു വിവരം. പല നിർണായക ചോദ്യങ്ങൾക്കും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഒരേ മറുപടിയാണു നൽകിയത്. കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങൾക്കു മാത്രമാണ് ഇവർ മറുപടി നൽകിയത്.രാവിലെ 8.50-നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.അതിനു മുമ്പുതന്നെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ഹാജരായിരുന്നു. മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും ദിലീപും കൂട്ടരും മറുപടിയൊന്നും നൽകിയില്ല.
നിസ്സഹകരണവും തെളിവാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്; ലക്ഷ്യം കസ്റ്റഡിയിൽവാങ്ങൽ
ചോദ്യംചെയ്യലിൽ പ്രതികളുടെ സഹകരണംമാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്ത്. ചോദ്യംചെയ്യലിന്റെ ഫലം എന്താണെന്നുനോക്കും. കൂടുതൽ ആവശ്യങ്ങളുണ്ടെങ്കിൽ കോടതിയെ അറിയിക്കും. സത്യസന്ധമായ അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലി. അതിന് എന്തുഫലമുണ്ടാകുമെന്ന് പറയാൻ തങ്ങൾആളല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകുമ്പോൾ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയുംവിധം പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വിജയിക്കാതെവന്നാൽ ചോദ്യംചെയ്യലിൽ പ്രതികൾ നടത്തിയ നിസ്സഹകരണം അന്വേഷണ സംഘം ആയുധമാക്കും. കസ്റ്റഡിയിൽ തുടർച്ചയായി ചോദ്യംചെയ്താൽ പ്രതികൾ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്
സംവിധായകൻ ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും അതിന്റെപേരിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിശദീകരണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത പുതിയ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വിശദീകരണം.
നെയ്യാറ്റിൻകര ബിഷപ്പിന് ഉന്നതസ്വാധീനം ഉണ്ടെന്നും അതിനാൽ ജാമ്യംതേടാൻ ഇടപെടുവിച്ചുവെന്നുമാണ് ബാലചന്ദ്രകുമാർ അവകാശപ്പെട്ടത്. ജാമ്യംലഭിച്ച് പുറത്തുവന്നതോടെ പണം ആവശ്യപ്പെട്ട് നിരന്തരം വിളിക്കാൻ തുടങ്ങി. ഇത് നിരസിച്ചതോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്നു പറഞ്ഞ് ഭീഷണിയായി. പത്തുലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി.
ബാലചന്ദ്രകുമാറിന്റെ സിനിമയിൽ അഭിനയിക്കുന്നതിൽനിന്ന് പിന്മാറിയതും ശത്രുതയ്ക്കു കാരണമായി. ഇതോടെ എ.ഡി.ജി.പി. ബി. സന്ധ്യയെ ഫോണിൽവിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞും ഭീഷണിയായി.താൻ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കഥ എ.ഡി.ജി.പി. സന്ധ്യയുടെ നിർദേശപ്രകാരം ബൈജു പൗലോസ് മെനഞ്ഞെടുത്തതാണെന്നും ദിലീപ് ആരോപിക്കുന്നു.
ദിലീപിനുവേണ്ടി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് വിൻസെന്റ് സാമുവൽ. നടൻ ദിലീപുമായോ സംവിധായകൻ ബാലചന്ദ്രകുമാറുമായോ ബിഷപ്പിന് ബന്ധമില്ലെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപത പത്രക്കുറിപ്പിൽ അറിയിച്ചു.ജാമ്യം ലഭിക്കാൻ ബാലചന്ദ്രൻ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ആവശ്യപ്പെട്ടെന്നും പലതവണയായി പത്തുലക്ഷംരൂപ കൈപ്പറ്റിയെന്നും ദിലീപ് ഹൈക്കോടതിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
വേദനാജനകം -കെ.എൽ.സി.എ.
ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷനെതിരായ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഇടപെടൽ നടത്തിയിട്ടില്ല. ഇത്തരം ആരോപണങ്ങൾ വേദനാജനകവും അപലപനീയവുമാണെന്ന് കെ.എൽ.സി.എ. പ്രസിഡന്റ് ഡി. രാജു പറഞ്ഞു.
Content Highlights: actor dileep to be present in front of crime branch for questioning today