സൗദി> രണ്ടു വര്‍ഷത്തിനുശേഷം സൗദിയിലെ പ്രൈമറി സ്കൂളുകളിലും നഴ്സറികളിലും വ്യക്തിഗത ക്ലാസുകള്‍ ഞായറാഴ്ച പുനരാരംഭിച്ചു. രാജ്യത്തുടനീളമുള്ള 13,000 പ്രൈമറി സ്കൂളുകളിലും 4,800 കിന്റര്‍ഗാര്‍ട്ടനുകളിലുമായി 35 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ തിരിച്ചെത്തിയത്.
എല്ലാ പ്രൈമറി സ്കൂളും നഴ്സറികളും തുറക്കണമെന്ന് കാണിച്ച് വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു. ക്ലാസുകള്‍ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സജ്ജമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വ്യക്തിഗത ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുക, കുട്ടികള്‍ക്ക് മാനസിക ആരോഗ്യ നല്‍കുക, സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ കലാ, കായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ റാപിഡ് ടെസ്റ്റിന് വിധേയമാക്കും. 2020 ഫെബ്രുവരിയിലാണ് മഹാമാരി ആരംഭിച്ചതിനു തൊട്ടുപിന്നാലെ സൗദിയിലെ സ്കൂളുകള്‍ ക്ലാസ് മുറികള്‍ അടച്ച് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയത്. എന്നാല്‍, കഴിഞ്ഞ ആഗസ്ത് അവസാനത്തോടെ ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് പുനരാരംഭിച്ചിരുന്നു.