മലപ്പുറം
കോളേജ് അധ്യാപകർക്ക് പ്രൊഫസർഷിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവ്. കെപിസിടിഎ സംസ്ഥാന ട്രഷറർ ഡോ. ടി മുഹമ്മദാലി ഉൾപ്പെടെ നാലുപേരാണ് പ്രൊഫസർ പദവിക്കായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. അത് മറച്ചുവച്ച് മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനാണ് കലിക്കറ്റ് സർവകലാശാല ശുപാർശ തയ്യാറാക്കിയതെന്നാണ് മാധ്യമങ്ങളുടെ നുണവാർത്ത. നാലുമാസംമുമ്പ് എംജി സർവകലാശാല പരിഷ്കാരം നടപ്പാക്കിയിട്ടുണ്ട്.
നേരത്തെ, അധ്യാപകരുടെ സീനിയോറിറ്റി അനുസരിച്ചാണ് പ്രൊഫസർ പദവി കൊടുത്തിരുന്നത്. പിന്നീട് നിർത്തലാക്കി. ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി 2018ൽ യുജിസി ഇത് പുനഃസ്ഥാപിച്ചു. സംസ്ഥാനത്ത് 2021ലാണ് 18/7/2018 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കാരം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. എകെപിസിടിഎ അടക്കമുള്ള ഇടതുപക്ഷ അധ്യാപക സംഘടനകളും മുൻകാല പ്രാബല്യം വേണമെന്നതിൽ ഉറച്ചുനിന്നു. വിഷയം പഠിക്കാൻ സർവകലാശാല ചുമതലപ്പെടുത്തിയ മുസ്ലിംലീഗ് അധ്യാപക സംഘടനാ നേതാവ് ടി റഷീദ് അഹമ്മദ് അടങ്ങുന്ന നാലംഗ സമിതി വിരമിച്ചവർക്ക് ഉൾപ്പെടെ പ്രൊഫസർ പദവിക്ക് അർഹതയുണ്ടെന്ന് ശുപാർശ നൽകി. നൂറോളംപേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
സീനിയോറിറ്റി മാത്രം അടിസ്ഥാനമാക്കിയല്ല പ്രൊഫസർ പദവി. അക്കാദമിക് പോയിന്റ് 110ന് മുകളിൽ വേണം. അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ മൂന്ന് വർഷ പരിചയവും ആ കാലയളവിൽ മൂന്ന് ഉൾപ്പെടെ ആകെ പത്ത് ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരിക്കണം. വിസി നിശ്ചയിക്കുന്ന സെലക്ഷൻ കമ്മിറ്റിയാണ് പ്രൊഫസർ പദവി നൽകുക.
വിവാദം അനാവശ്യം
മന്ത്രി ആർ ബിന്ദുവിനുവേണ്ടിയാണ് പ്രൊഫസർ പദവിക്കായി കലിക്കറ്റ് സർവകലാശാല ശുപാർശ നൽകിയതെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ഫാറൂഖ് കോളേജ് ചരിത്രവിഭാഗം മേധാവിയും കെപിസിടിഎ സംസ്ഥാന ട്രഷററുമായ ഡോ. ടി മുഹമ്മദാലി ‘ദേശാഭിമാനി’യോട് പറഞ്ഞു. എല്ലാ അധ്യാപക സംഘടനകൾക്കും ഇക്കാര്യത്തിൽ യോജിച്ച നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.