മലപ്പുറം
പ്രസിദ്ധീകരിക്കാത്ത റാങ്ക് പട്ടികയുടെ പേരിൽ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ. കലിക്കറ്റ് സർവകലാശാല മലയാളം പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ലക്ഷ്യമിട്ടാണ് കുപ്രചാരണം. ഈ തസ്തികയിലേക്ക് പ്രിയ അപേക്ഷിച്ചിട്ടില്ല. സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള സർക്കാർവിരുദ്ധ സംഘം നൽകിയത് വസ്തുതകൾ പരിശോധിക്കാതെ പ്രസിദ്ധീകരിക്കുകയായിരുന്നു.
കലിക്കറ്റിൽ മലയാളം പ്രൊഫസർ തസ്തികയിൽ ചങ്ങനാശേരി എസ്ബി കോളേജ് അധ്യാപകൻ ഡോ. ജോസഫ് സ്കറിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചെന്നാണ് വാർത്ത. കണ്ണൂർ സർവകലാശാലയിൽ സമാന തസ്തികയിൽ ഇദ്ദേഹത്തെ തള്ളിയാണ് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതെന്നും പടച്ചുവിട്ടു. രണ്ട് സർവകലാശാലയും റാങ്ക് പട്ടിക തയ്യാറാക്കിയിട്ടില്ല. അക്കാദമിക് യോഗ്യതകളും കഴിവും അഭിമുഖത്തിലെ പ്രകടനവും പരിഗണിച്ചാണ് മാർക്ക് നൽകുക. അതിന്റെ അടിസ്ഥാനത്തിൽ വിവിധ സർവകലാശാലകളിൽ റാങ്കിൽ മാറ്റം വരിക സ്വാഭാവികം.
കലിക്കറ്റിലെ അപേക്ഷയിൽ ജോസഫ് സ്കറിയ ഒമ്പത് ഗവേഷണപ്രബന്ധമാണ് കാണിച്ചത്. പിന്നീട് 14 എണ്ണം അവകാശപ്പെട്ട് കോടതിവിധിയുമായാണ് അഭിമുഖത്തിൽ പങ്കെടുത്തത്. വിഷയ വിദഗ്ധർ അഭിമുഖത്തിലെ മാർക്ക് വൈസ് ചാൻസലർക്ക് കൈമാറി. കോടതിവിധിക്കുശേഷമേ റാങ്ക് പട്ടിക തയ്യാറാക്കൂ. മലയാളം അസോസിയറ്റ് പ്രൊഫസർ തസ്തികയിലും ജോസഫ് സ്കറിയയ്ക്ക് മാധ്യമങ്ങൾ ഒന്നാം റാങ്ക് നൽകി. റാങ്ക് പട്ടിക സിൻഡിക്കറ്റ് അംഗീകരിച്ചിട്ടില്ല. വിവാദത്തിലേക്ക് പ്രിയ വർഗീസിനെ വലിച്ചിഴക്കലാണ് ലക്ഷ്യം.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് യോഗ്യതയില്ലെന്നായിരുന്നു ‘കണ്ടെത്തൽ’. അത് പൊളിഞ്ഞതോടെയാണ് പ്രസിദ്ധീകരിക്കാത്ത റാങ്ക് ലിസ്റ്റുണ്ടാക്കി വിവാദം.