ന്യൂഡൽഹി
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ ജനവിധി തേടും. എസ്പി ജനറൽ സെക്രട്ടറി രാംഗോപാൽ യാദവ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
2012ൽ മുഖ്യമന്ത്രിയായ ഘട്ടത്തിൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2017ൽ മത്സരിച്ചില്ല. നിലവിൽ അസംഗഢിൽ നിന്നുള്ള ലോക്സഭാംഗമാണ്. കർഹാലിൽ ഒരിക്കൽ മാത്രമാണ് എസ്പി തോറ്റിട്ടുള്ളത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ആദിത്യനാഥ് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അഖിലേഷും ജനവിധി തേടുന്നത്.