ന്യൂഡൽഹി
ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി “അണച്ച’തിന് പിന്നാലെ റിപ്പബ്ലിക് ദിന ആഘോഷത്തിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇഷ്ട ക്രൈസ്തവ ഗാനവും കേന്ദ്ര സർക്കാർ ഒഴിവാക്കി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സമാപനംകുറിച്ച് നടക്കുന്ന സൈനികരുടെ പിൻവാങ്ങൽ ചടങ്ങിൽനിന്ന് ‘എബൈഡ് വിത്ത് മി’ എന്ന പ്രശസ്ത ഗാനമാണ് ഒഴിവാക്കിയത്. റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് രണ്ടു ദിവസത്തിനുശേഷം ജനുവരി 29-ന് ന്യൂഡല്‍ഹിയിലെ വിജയ് ചൗക്കിലാണ് ചടങ്ങ് നടത്താറുള്ളത്.
1950 മുതൽ എല്ലാ വര്‍ഷവും ഈ സ്തുതിഗീതം മൂന്നു സേനാ ബാന്‍ഡുകളും ചേര്‍ന്ന് വായിക്കാറുണ്ട്. 1847ൽ ആംഗ്ലിക്കൻ പുരോഹിതനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് വില്യം ഹെൻറി മോങ്ക് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലീഷിൽ എഴുതപ്പെട്ട ഗാനം ‘കൂടെ പാർക്ക നേരം വൈകുന്നിതാ..’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഗാനം ഒഴിവാക്കാൻ കേന്ദ്രം ശ്രമം നടത്തിയിരുന്നു.