ഹാനോയ്
വിഖ്യാത സെന്‍ബുദ്ധ സന്യാസിയും സമാധാന പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിക് നാട്ട് ഹാന്‍(95) അന്തരിച്ചു. വിയറ്റ്നാമിലെ ഹ്യൂയിലെ ടു ഹ്യു പഗോഡയിലെ ആശ്രമത്തിലായിരുന്നു അന്ത്യം. അദ്ദേഹം സ്ഥാപിച്ച ഇന്റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്യൂണിറ്റിയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ബുദ്ധമതത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്.
1926 ഒക്ടോബര്‍ 11ന് മധ്യ വിയറ്റ്നാമിലായിരുന്നു ജനനം. വിയറ്റ്നാം യുദ്ധകാലത്ത് ഫ്രാൻസിലേക്ക് പോയ അദ്ദേഹം പതിറ്റാണ്ടുകളോളം അവിടെയാണ് കഴിഞ്ഞത്. ബുദ്ധതത്വങ്ങളിലൂടെ സാമൂഹ്യ പരിഷ്കരണം എന്ന ലക്ഷ്യത്തോടെ ‘എൻഗെയ്ജ്ഡ് ബുദ്ധിസം’ എന്ന സാമൂഹ്യ പ്രസ്ഥാനത്തിന് രൂപം നല്കി. പടിഞ്ഞാറൻ രാജ്യങ്ങളിൽ മൈൻഡ്ഫുൾനെസ്’ എന്ന ആശയത്തിന് പ്രചാരം നൽകിയതും ടിക് നാട്ട് ഹാനാണ്.
2014-ൽ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടശേഷം ആംഗ്യങ്ങളിലൂടെയായിരുന്നു ആശയവിനിമയം. 2018 ഒക്ടോബറിൽ വിയറ്റ്നാമിലേക്ക് മടങ്ങി. കൗമാരകാലഘട്ടത്തില്‍ കഴിഞ്ഞിരുന്ന ടു ഹ്യൂ ആശ്രമത്തില്‍ അവസാന വർഷങ്ങൾ ചെലവഴിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
100ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാളം ഉള്‍പ്പെടെ നാൽപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഓള്‍ഡ് പാത്ത് വൈറ്റ് ക്ലൗഡ്: -വാക്കിങ് ഇന്‍ ദ ഫുട്സ്റ്റെപ്സ് ഓഫ് ബുദ്ധ, അറ്റ് ഹോം ഇന്‍ ദ വേള്‍ഡ്, ദ മിറാക്കിള്‍ ഓഫ് മൈന്‍ഡ്ഫുള്‍നസ്, ദ സൺ മൈ ഹാർട്ട് തുടങ്ങിയ പുസ്തകങ്ങള്‍ പ്രശസ്തമാണ്.