തിരുവനന്തപുരം
കുഞ്ഞുമക്കള്‍ക്കിനി നിറങ്ങളോട് കൂട്ടുകൂടാം. ഒരേ നിറത്തിന്റെ വിരസതയില്‍നിന്നു വിടുതല്‍ നല്കി പ്രീ പ്രൈമറി ക്ലാസുകളിൽ യൂണിഫോം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പിടിഎ നേതൃത്വത്തിൽ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകൾക്ക് പൊതുനയം രൂപീകരിച്ച് ഉത്തരവായി.
യൂണിഫോം സ്വതന്ത്രമായ പ്രീ സ്കൂളിങ് അന്തരീക്ഷത്തിന് വിരുദ്ധമാണ്. ഇത് ഏർപ്പെടുത്തേണ്ടതില്ലെന്ന് പ്രീ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 2012 ഡിസംബർ ഏഴിനു ശേഷം പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പ്രീ സ്കൂളുകൾ ആരംഭിക്കരുതെന്ന് സർക്കാർ നിർദേശമുണ്ട്. ഇതിനു വിരുദ്ധമായി പിടിഎകൾ ആരംഭിച്ച പ്രീ സ്കൂളുകളിൽ അധ്യാപകർക്കും ആയമാർക്കും സർക്കാർ ഓണറേറിയം ആവശ്യപ്പെട്ട് ലഭിച്ച നിവേദനങ്ങൾ തള്ളി.
പ്രീ സ്കൂൾ അധ്യാപക യോഗ്യതയ്ക്ക് കെൽട്രോൺ നടത്തുന്ന കോഴ്സ് പരിഗണിക്കില്ല. കെൽട്രോൺ അടക്കം 341 സ്ഥാപനം എൻസിടിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.