ന്യൂഡൽഹി
ഗോവയിൽ മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിനു പിന്നാലെ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബിജെപി വിട്ടു. ബിജെപിയിൽനിന്നു രാജിവച്ചതായി പർസേക്കർ പ്രഖ്യാപിച്ചു. സ്ഥിരമായി മത്സരിച്ചിരുന്ന മാന്ദ്രം സീറ്റ് ബിജെപി നിഷേധിച്ചതിനെ തുടർന്നാണ് രാജി. കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ ദയാനന്ദ് സോപ്തെയ്ക്കാണ് സീറ്റ് നൽകിയത്. മാന്ദ്രം സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. 2014ൽ പരീക്കർ കേന്ദ്ര മന്ത്രിയായപ്പോൾ പകരം മുഖ്യമന്ത്രിയായ പർസേക്കർ 2017 വരെ തുടർന്നു. ബിജെപി കോർ കമ്മിറ്റിഅംഗമാണ് അറുപത്തഞ്ചുകാരനായ പർസേക്കർ.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയുടെ തലവനുമാണ്.
തഴഞ്ഞത് അച്ഛന്റെ ശത്രുക്കൾ: ഉത്പൽ പരീക്കർ
മനോഹർ പരീക്കറുടെ കുടുംബത്തിൽനിന്ന് ഇനി ആരും വേണ്ടെന്ന നിലപാടാണ് ബിജെപിയിൽ ചിലർക്കെന്ന് മകൻ ഉത്പൽ പരീക്കർ. ജനങ്ങൾ അച്ഛനൊപ്പം നിലയുറപ്പിച്ചു. 1994ൽ അച്ഛനെ പുറത്താക്കാൻ ചിലർ നടത്തിയ നീക്കത്തിന് സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ബിജെപി വിട്ട് പനാജിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഉത്പൽ പറഞ്ഞു.
ബിജെപിയിൽനിന്ന് രാജിവയ്ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടി എടുത്തതാണ്. മറ്റ് നിർവാഹമില്ലായിരുന്നു. പനാജിയിൽ നല്ലൊരു സ്ഥാനാർഥിയെ നിർത്തിയാൽ തീരുമാനം മാറ്റും. എന്നാൽ ഇതിന് സാധ്യതയില്ല. അച്ഛനെ പുറത്താക്കാൻ ശ്രമിച്ചവർ ഇപ്പോഴും ബിജെപിയുടെ ഉന്നതസ്ഥാനങ്ങളിലുണ്ട്. 2019 ഉപതെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിച്ചു. ബിജെപിയിൽ വിശ്വാസമർപ്പിച്ച് ആ തീരുമാനത്തെ ബഹുമാനിച്ചു. തുടർന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. പരീക്കറുടെ മകൻ എന്ന നിലയിൽ മാത്രമല്ല ഇപ്പോൾ സീറ്റ് ആവശ്യപ്പെട്ടത്. അത് ജനങ്ങൾ ആഗ്രഹിച്ചതാണ്. അച്ഛനൊപ്പം നിലകൊണ്ടവർ തനിക്കൊപ്പമുണ്ട്.
കോൺഗ്രസ് വിട്ടുവന്ന അന്റനാസിയോ മൊൺസരാട്ടെയ്ക്കാണ് ബിജെപി പനാജി സീറ്റ് നൽകിയത്. ബലാൽസംഗ കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ് അന്റനാസിയോ.