ന്യൂഡൽഹി
മിനിമം താങ്ങുവിലയ്ക്കായി സമിതി രൂപീകരണം, കാർഷിക വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളുയർത്തി പഞ്ചാബിൽ കർഷകരുടെ വൻറാലി. നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്കുമേൽ സമ്മർദം ശക്തിപ്പെടുത്തുന്നതിനായാണ് റാലിയെന്ന് സംഘാടകരായ ബികെയു (ദകൗണ്ട) വിഭാഗം അറിയിച്ചു.
ബർണാലയിലെ ധാന്യച്ചന്തയിൽ സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് കർഷകർ പങ്കാളികളായി. കോവിഡ് വ്യാപനം കണക്കിലെടുത്ത് റാലികൾക്ക് വിലക്കുണ്ടായിരുന്നു. റാലിക്ക് കർഷകർ അനുമതി വാങ്ങിയിട്ടില്ലെന്ന് ജില്ലാ അധികൃതർ പറഞ്ഞു. 31ന് കർഷകർ ഡൽഹിയിൽ വഞ്ചനാദിനം ആചരിക്കുമെന്ന് ബികെയു നേതാക്കൾ അറിയിച്ചു. മൂന്ന് കാർഷികനിയമം പിൻവലിച്ചെങ്കിലും എംഎസ്പി അടക്കമുള്ളവ ഉയർത്തി പഞ്ചാബിൽ കർഷകർ പ്രക്ഷോഭം തുടരുകയാണ്.