ന്യൂഡൽഹി > ഗോവയിൽ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് പനാജിയിൽ സീറ്റ് നിഷേധിച്ച് ബിജെപി. കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ സിറ്റിങ് എംഎൽഎ അന്റനാസിയോ ‘ബാബുഷ്’ മൊൻസരാറ്റെ ആണ് ഇവിടെ സ്ഥാനാർഥി. 25 വർഷം മനോഹർ പരീക്കറായിരുന്നു പനാജി എംഎൽഎ. അന്റനാസിയോയുടെ ഭാര്യ ജെന്നിഫറിനും ബിജെപി സീറ്റ് നൽകി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വലിം മണ്ഡലത്തിൽ മൽസരിക്കും. ഇതുൾപ്പെടെ 34 സീറ്റിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത ആറ് മണ്ഡലത്തിൽ ഒന്ന് ഉത്പൽ പരീക്കറിന് വാഗ്ദാനം ചെയ്തതായി ബിജെപി ചുമതലക്കാരനായ ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു.
നേതാവിന്റെ മകനെന്ന നിലയ്ക്ക് ഉത്പലിന് സീറ്റ് നൽകാനാകില്ല. മറ്റൊരു സീറ്റ് നൽകും–- ഫട്നവിസ് പറഞ്ഞു. പകരം സീറ്റ് വാഗ്ദാനം ഉത്പൽ നിരാകരിച്ചതായാണ് സൂചന. പനാജി പരീക്കർ കുടുംബത്തെ സംബന്ധിച്ച് വൈകാരിക വിഷയമാണെന്നും മറ്റേതെങ്കിലും സീറ്റിൽ താൽപ്പര്യപ്പെടുന്നില്ലെന്നും ഉത്പലുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വൈകാതെ തീരുമാനമെടുക്കുമെന്ന് ഉത്പൽ പ്രതികരിച്ചു. എഎപി ടിക്കറ്റിൽ പനാജിയിൽ മൽസരിക്കാൻ ഉത്പലിനെ ക്ഷണിക്കുന്നുവെന്ന്- എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഉത്പൽ സ്വതന്ത്രനായാൽ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു.