കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണമാണെന്നും ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലത്തിലൂടെ സർക്കാർ അറിയിച്ചു.
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. വിചാരണ തടസ്സപ്പെടുത്താൻ ദിലീപ് നിരന്തരം ശ്രമിക്കുന്നു. 20 സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നിൽ ദിലീപാണ്. അസാധാരണമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം. നിരവധി തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ദീലിപിന്റേയും സഹോദരന്റേയും വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പടെ 19 വസ്തുക്കൾ കണ്ടെത്തി. നിയമത്തെ മറികടക്കാനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തിവരുന്നുണ്ട്. നടിയെ അക്രമിച്ച കേസിൽ പ്രതിയായത് മുതൽ തുടങ്ങിയ ശ്രമമാണെന്നും പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി.
നാളെയാണ് ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ടി.എൻ.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ.
Content Highlights : State Government against Actor Dileeps anticipatory bail petition in Actress Assault Case