കോഴിക്കോട്: കോവിഡ് കാലത്ത് പാസഞ്ചർ തീവണ്ടികൾക്ക് എക്സ്പ്രസ് വണ്ടികളുടെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ എം.പി. ആവശ്യപ്പെട്ടു. റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ദക്ഷിണ റെയിൽവെ ജനറൽമാനേജർ വിളിച്ചുചേർത്ത എം.പി.മാരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അധികൃതരുടെ ശ്രദ്ധയിൽക്കൊണ്ടുവന്നത്. എല്ലാ സർവീസുകളും സാധാരണപോലെ റെയിൽവെ പുന:സ്ഥാപിച്ചിട്ടും പാസഞ്ചർ വണ്ടികളിൽ അമിതടിക്കറ്റ് നിരക്ക് വാങ്ങിക്കുന്നത് ചെറിയദുരത്തിൽ ദിവസവും ജോലിക്കുപോവുന്ന സാധാരണക്കാരെ ഏറെ കഷ്ടത്തിലാക്കുന്നുണ്ട്. അതിനാൽ ഈ തീവണ്ടികൾ ഒട്ടുംകാലതാമസമില്ലാതെ പഴയരീതിയിൽ പാസഞ്ചർവണ്ടികളായി ഓടിക്കാൻ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലബാറിൽനിന്ന് ബെംഗളൂരുവിലേക്ക് വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി നിത്യേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നത് കണക്കിലെടുത്ത് കണ്ണൂർ-ബെംഗളൂരു കെ.എസ്.ആർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടണം. കോഴിക്കോടുനിന്ന് ബെംഗളുരുവിലേക്ക് പുതുതായി ഒരു തീവണ്ടികൂടി ആരംഭിക്കണം. കാലാകാലങ്ങളിൽ റെയിൽവെ ഭൂപടത്തിൽ ഉൾപ്പെടാത്ത പ്രദേശമാണ് വയനാട്. വയനാടിനെ കൂടി റെയിൽവെയുടെ വികസനത്തിൽ പങ്കാളിയാക്കണം. ബെംഗളൂരുവിലേക്കുള്ള യാത്രാസമയം കുറക്കാൻ ഇത് സഹായകരമാവുമെന്നും എം.വി. ശ്രേയാംസ്കുമാർ എം.പി. യോഗത്തിൽ പറഞ്ഞു.
മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റിയിൽ ഒരു എ.സി. ചെയർകാർ കൂടി ഉൾപ്പെടുത്തണമെന്ന ശ്രേയാംസ് കുമാറിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചു. എറണാകുളം കോഴിക്കോട് ഭാഗത്ത് കൂടുതൽ മെമു സർവീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നും റെയിൽവെ അറിയിച്ചു. ഷൊർണൂർ-നിലമ്പൂർ ലൈൻ വൈദ്യുതിവൽക്കരിക്കുന്നതിന്റെ പ്രാരംഭസർവേ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപറേഷൻസ് മാനേജർ നീനു ഇട്ടിയേര മറുപടി നൽകി. 2022-23-ൽ ഇത് കമ്മീഷൻ ചെയ്യാൻ കഴിയും. പരശുറാം, ജനശതാബ്ദി, കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി പോലുള്ള വണ്ടികളിൽ വിസ്റ്റാഡോം കോച്ചുകൾ ഏർപ്പെടുത്തണമെന്ന ശ്രേയാംസ്കുമാറിന്റെ ആവശ്യം പരിഗണിക്കാമെന്നും റെയിൽവെ വ്യക്തമാക്കി.
Content Highlights:M. V. Shreyams KumarMP urges Railway to reduce ticket fare in passenger trains