തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ വിഷയത്തിൽ പ്രതികരണവുമായി മുൻ റവന്യൂ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ.ഇ. ഇസ്മയിൽ. അനധികൃത പട്ടയങ്ങൾ നൽകിയിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടതാണെന്നും അർഹതയില്ലാത്ത പട്ടയം ഏതാണെങ്കിലും അത് റദ്ദാക്കണമെന്നുംഇസ്മയിൽ പറഞ്ഞു. രവീന്ദ്രൻ പട്ടയം അനുവദിക്കുന്ന കാലത്ത് ഇസ്മയിലായിരുന്നു സംസ്ഥാന റവന്യൂമന്ത്രി.വി.എസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി കുടിൽക്കെട്ടി താമസിക്കുന്ന തികച്ചും അർഹരായവർക്കാണ് അന്ന് പട്ടയം കൊടുത്തത്. അതിൽ കുറച്ച് കൂടുതൽ സ്ഥലമുണ്ടെന്ന് പറയുന്ന ഒരു പട്ടയം ഒന്ന് സിപിഎം ഓഫീസിന്റേതാണ്. വെറെ നിവർത്തിയില്ലാതെ വ്യക്തികൾ കൈവശപ്പെടുത്തി താമസിക്കുന്ന സ്ഥലങ്ങൾക്കാണ് സാധാരണഗതിയിൽ പട്ടയം കൊടുക്കേണ്ടത്. എന്നാൽ സിപിഎം ഓഫീസും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കെ.ഇ. ഇസ്മയിൽ പറഞ്ഞു.
സിപിഎം ഓഫീസിന്റെ സ്ഥലം എത്രയോ കാലമായി കൈവശമുള്ളതും കെട്ടിടം കെട്ടുകയും ചെയ്തതാണ്. പാർട്ടി ഓഫീസായി പ്രവർത്തിക്കുന്ന ആ സ്ഥലം കൊടുക്കുകയല്ലാതെ വേറെ നിർവാഹമില്ല. അന്ന് പട്ടയങ്ങൾ കൊടുക്കുന്നതിൽ ഒരു ന്യൂനതയും ഉണ്ടായിരുന്നില്ല. അതിനുശേഷം രവീന്ദ്രൻ ഈ അവസരം ഉപയോഗപ്പെടുത്തി പിന്നീട് അനധികൃതമായി പട്ടയം കൊടത്തിട്ടുണ്ടോ എന്നറിയില്ല.
ആ ഗവൺമെന്റ് പോയി, കളക്ടർ പോയി, രവീന്ദ്രൻ റിട്ടയർ ചെയ്തു. ആ സംവിധാനം തന്നെ മാറിമാറി വരികയാണ്. അപ്പോൾ പിന്നെ ആ നടപടികളെ ന്യായീകരിക്കാനോ, അന്ന് നടന്ന വസ്തുതകൾ എന്താണെന്ന് പിന്നീട് ഡിപ്പാർട്ട്മെന്റിനെ സമയാസമയം ബോധ്യപ്പെടുത്താനോ ബാധ്യതയുള്ള ഉദ്യോഗസ്ഥന്മാർ ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത് അനധികൃതമായ അവസ്ഥയിലാണെന്ന് പ്രചരണം വരുന്നത്. അതകൊണ്ട് തന്നെ ഇക്കാര്യം സർക്കാർ പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights:K. E. Ismail on Raveendran pattayam issue