കോഴിക്കോട്: ചൈനയുടെ വളർച്ച തന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്തതാണെന്ന് ചൈനയിൽ സന്ദർശനം നടത്തിയ ശേഷം അന്ന് മന്ത്രിയായിരുന്ന കെ.സി. ജോസഫ് പറഞ്ഞുവെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ എ.കെ.ബാലൻ. ചൈനയിൽ സന്ദർശന സംഘത്തിന്റെ തലവൻ, അന്ന് മന്ത്രിയായിരുന്ന കെ.സി. ജോസഫ് ആയിരുന്നു. സാർവദേശീയമായ വസ്തുതകൾ വിശദീകരിക്കുമ്പോൾ അതിനെ ഏതെങ്കിലും രാജ്യത്തോടുള്ള സ്നേഹമോ വിദ്വേഷമോ ആയി കരുതുന്നത് സങ്കുചിതമാണെന്നും അദ്ദേഹം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും സ്ഥിതിഗതികൾ രാഷ്ട്രീയരേഖയിൽ വിശദീകരിക്കുമ്പോൾ ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് വേണുഗോപാൽ ഉൾപ്പെടുന്ന കോൺഗ്രസ് നിലപാടെടുക്കുന്നത് ഈ ആധുനിക കാലത്ത് അപഹാസ്യമാണ്. കമ്യൂണിസ്റ്റുകൾ രണ്ട് കടമകളാണ് നിർവഹിക്കുന്നത്. ഒന്ന്, ദേശീയബോധത്തിലധിഷ്ഠിതമായ രാജ്യസ്നേഹവുമായി ബന്ധപ്പെട്ട കടമകൾ. രണ്ട്, അതിന് കീഴ്പ്പെട്ടുകൊണ്ടുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടം.
കമ്യൂണിസ്റ്റുകൾ കറകളഞ്ഞ ദേശസ്നേഹികളും സാമ്രാജ്യത്വ വിരുദ്ധമനസ്സിന്റെ ഉടമകളുമാണ്. കൗമാരക്കാരനായിരുന്ന ഹർകിഷൻ സിങ് സുർജിത് ഹോഷിയാർപുർ ജയിലിനു മുകളിൽ ബ്രിട്ടീഷുകാരുടെ എല്ലാ വിലക്കുകളെയും ഭീഷണികളെയും നേരിട്ട് ദേശീയപതാക ഉയർത്തിയത് ആവേശകരമായ അനുഭവമായിരുന്നു. അതിനു വർഷങ്ങളോളം വെളിച്ചം കടക്കാത്ത അറയിലിട്ട് അദ്ദേഹത്തെ പീഡിപ്പിച്ചു.
എ.കെ.ജി. സ്വാതന്ത്ര്യസമര കാലത്ത് അനുഭവിച്ച പീഡനങ്ങൾക്ക് കണക്കില്ല. 1947-ൽ സ്വാതന്ത്ര്യദിനം അദ്ദേഹം ആഘോഷിച്ചത് ജയിലിലായിരുന്നു. തെലങ്കാനയിലും പുന്നപ്രവയലാറിലും കയ്യൂരിലും സ്വാതന്ത്ര്യസമരത്തിന്റെ മറ്റനേകം പോർനിലങ്ങളിലും കമ്യൂണിസ്റ്റുകാരുടെ രക്തംചിന്തിയതിന്റെ കൂടി ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം.
ഇന്ത്യ-ചീന ഭായി ഭായി എന്ന മുദ്രാവാക്യം ഉയർത്തിയത് കമ്യൂണിസ്റ്റുകാരല്ല, കോൺഗ്രസുകാരാണ്. ചൈനാവിരുദ്ധത മാറ്റിയെടുക്കാൻ ഇന്ത്യൻ മനസ്സിനെ രൂപപ്പെടുത്തിയത് ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസാണ്. ചരിത്രത്തിലെ ഇത്തരം ചില കാര്യങ്ങൾ ഓർക്കുന്നത് നന്നാകും. സോവിയറ്റ് റഷ്യ സന്ദർശിച്ചതിനെ തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ജവാഹർലാൽ നെഹ്രു 1929-ലെ ലഹോർ എ. ഐ.സി.സി. സമ്മേളനത്തിൽ നടത്തിയ പ്രസംഗം ഓർക്കുന്നത് നന്നാകുമെന്നും എ.കെ.ബാലൻ പറഞ്ഞു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം :കമ്യൂണിസ്റ്റുകാർ കറകളഞ്ഞ ദേശസ്നേഹികൾ Read More
Content Highlights:China Controversy;A. K. Balan Share memory about K. C. Joseph