ബംഗളൂരു
ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനങ്ങൾ കൂട്ടിമുട്ടലിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മുതിർന്ന ഉദ്യോഗസ്ഥരുടെതാണ് വെളിപ്പെടുത്തൽ. ജനുവരി ഒമ്പതിന് രാവിലെ 3000 അടി ഉയരത്തിൽ വച്ചാണ് സംഭവം. രണ്ട് വിമാനങ്ങളിലുമായി 426 പേരുണ്ടായിരുന്നു. ബംഗളൂരു– കൊൽക്കത്ത 6ഇ455 വിമാനവും ബംഗളൂരു– ഭുവനേശ്വർ 6ഇ246 വിമാനവുമാണ് നേര്‍ക്കുനേര്‍ പറന്നുയര്‍ന്നത്.
റഡാർ കൺട്രോളർ ഈ വിവരം അറിയിച്ചതോടെ വിമാനങ്ങൾ ദിശമാറ്റി. ശ്രദ്ധക്കുറവും ആശയവിനിമയത്തിലുണ്ടായ പാളിച്ചയുമാണ് സംഭവത്തിനിടയാക്കിയതെന്നാണ് നിഗമനം. കർശന നടപടിയെടുക്കുമെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ പറഞ്ഞു.