ന്യൂഡൽഹി
മൽസരിക്കാനില്ലെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി തൃവേന്ദ്ര സിങ് റാവത്ത് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപ്പര്യമെന്ന് അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് കത്തയച്ചു. അതേസമയം, ബിജെപി വിട്ട മുൻ മന്ത്രി ഹരക്സിങ് റാവത്തിന്റെ കോൺഗ്രസ് പ്രവേശനം മുൻമുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ എതിർപ്പിനെത്തുടർന്ന് അനിശ്ചിതത്വത്തിലായി.
ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരിക്കെ 2016ൽ വിജയ് ബഹുഗുണയുടെ നേതൃത്വത്തിൽ ഹരക് സിങ് അടക്കം എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെടലിൽ റാവത്ത് പിന്നീട് ഭൂരിപക്ഷം തെളിയിച്ചു. ഈ സംഭവത്തിൽ നൂറുവട്ടം ഹരീഷ് റാവത്തിനോട് മാപ്പുചോദിക്കുന്നതായി ഹരക് സിങ് റാവത്ത് പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, സംസ്ഥാന ചുമതലയുള്ള ദേവേന്ദ്ര യാദവ് എന്നിവർ ഹരക് സിങ്ങിനെ തിരിച്ചെടുക്കണമെന്ന നിലപാടിലാണ്.