കോഴിക്കോട് : വോട്ടുകിട്ടാൻ ബിജെപിക്കാരെ കാണാൻ തയ്യാറാണെന്ന് പറയുന്ന തന്റെ ശബ്ദരേഖ പുറത്തുവന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പുകളിയുടെപേരിൽ മുസ്ലിംലീഗിൽ നിന്ന് നടപടി നേരിട്ടവരാണ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവിട്ടതിന്റെ പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.എം.എ.സലാമിന്റെ ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം…
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പാർട്ടിയിലെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് സഹകരിക്കാതെ മാറി നിന്ന ചില നേതാക്കളേയും പ്രവർത്തകരേയും തെരഞ്ഞെടുപ്പ് വേളയിൽ നേരിൽ പോയി കണ്ട് അവരോട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് എന്നെ വിളിച്ച പ്രാദേശിക പ്രവർത്തകനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയ ഒരു ഭാഗമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.
പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും എന്നതായിരുന്നു ആ സംസാരത്തിന്റെ സാരാംശം. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരുംആ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും
വോട്ട് അഭ്യർത്ഥിച്ച് സമീപിക്കാറുണ്ട്. അതിൽ ജാതി,മത,പാർട്ടി വ്യത്യാസമുണ്ടാകാറില്ല.
ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ് എന്നത് ആ ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാണ്. ബിജെപിയേയോ, മറ്റേതെങ്കിലും സംഘടനകളുമായോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ സംസാരത്തിലെവിടേയും പരാമർശിക്കുന്നില്ല.
പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി ഏത് വോട്ടറോടും വോട്ടു ചോദിക്കാൻ തയ്യാറാണെന്ന് സൂചിപ്പിക്കുന്നത് കുറ്റകൃത്യമാണെങ്കിൽ എല്ലാ സ്ഥാനാർത്ഥികളും അവരുടെ പാർട്ടിക്കാരും ആ കുറ്റം ചെയ്തവരാണ്.
കോൾ റെക്കോർഡിന്റെ ചെറിയ ഒരു ഭാഗം മാത്രം മാധ്യമങ്ങൾക്ക് അയച്ച് കൊടുത്തവർ അതിന്റെ പൂർണ്ണഭാഗം പുറത്ത് വിടാനുളള മാന്യത കാണിക്കണം.
മുസ്ലീം ലീഗ് പാർട്ടിയിൽ സ്വന്തമായി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഉണ്ടാക്കി സംഘടനയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടികൾ വരുമ്പോൾ അസ്വസ്ഥതകൾ സ്വാഭാവികം. നടപടി നേരിട്ടതിന് ശേഷം പാർട്ടിക്കെതിരെ പ്രവർത്തിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ നൂറിലൊരംശം നേതൃത്വത്തിൽ ഇരിക്കുമ്പോൾ സംഘടനക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പഴയ ഫോൺ റെക്കോർഡുകൾ തിരഞ്ഞ് നടക്കേണ്ടിയിരുന്നില്ല.