ഇടുക്കി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവായി. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക.മൂന്നാർ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാനതീരുമാനമാണ് ഇപ്പോൾ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ നിർദേശത്തിൽ 45 ദിവസത്തിനകം റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കണം. ഇടുക്കിയിലെ മൂന്നാർ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കിൽ നൽകിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാവുക.ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
സർക്കാരിൻറെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരംവലിയ അളവിലുള്ള ഭൂമിഒഴിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.അർഹതപ്പെട്ടവർക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാനായി നടപടിക്ക് മുന്നോടിയായി ഒരു പരിശോധന കൂടി നടത്തും.കുടിയൊഴിപ്പിക്കേണ്ടി വന്നാലും പുനരധിവസിപ്പിക്കുന്നതിനുള്ളനടപടികളുണ്ടാകണമെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.അർഹതപ്പെട്ടവർക്ക് പട്ടയം നൽകുന്നതിനുള്ള നിലപാടുമായി മുന്നോട്ട് പോകാനും രണ്ട് മാസത്തിനകം ഈ നടപടികൾ പൂർത്തിയാക്കാനുമാണ് ഇപ്പോൾ സർക്കാർ നിർദേശം.
1999 കാലത്ത് ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന എം.ഐ. രവീന്ദ്രൻ മൂന്നാർ മേഖലയിൽ നൽകിയ പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ എന്ന് അറിയപ്പെടുന്നത്. പട്ടയങ്ങൾ നൽകുന്നതിന് അധികാരമില്ലെന്നിരിക്കെ തന്റെ അധികാര പരിധി മറികടന്നാണ് അനധികൃത കയ്യേറ്റങ്ങൾക്ക് പട്ടയം നൽകിയതെന്നാണ് ആരോപണം. വൻകിട കയ്യേറ്റങ്ങൾ സാധൂകരിക്കുന്ന രീതിയിലാണ് ഈ പട്ടയങ്ങൾനൽകിയത്. വ്യാജ പട്ടയം എന്ന് പറയാൻ കഴിയില്ലെങ്കിലും നിയമവിരുദ്ധമായി നൽകിയ പട്ടയങ്ങളായിരുന്നു ഇവ.
മൂന്നാറിലെ വൻകിട കയ്യേറ്റക്കാരുൾപ്പെടെ കൈവശം വെച്ചിരിക്കുന്നത് അന്നത്തെ രവീന്ദ്രൻ പട്ടയങ്ങളാണ്.റിസോർട്ടുകൾ, ഹോട്ടലുകൾ ഹോം സ്റ്റേകൾ എന്നിവയിലാണ് കൂടുതലും രവീന്ദ്രൻ പട്ടയങ്ങൾ നൽകിയിരിക്കുന്നത്.ജില്ലയ്ക്ക് പുറത്തുള്ളവരടക്കം ഇത്തരത്തിൽ ഭൂമികയ്യേറുകയും രവീന്ദ്രൻ പട്ടയങ്ങൾ നേടുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.
മൂന്നാർ കയ്യേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് രവീന്ദ്രൻ പട്ടയങ്ങളായിരുന്നു. നിയപരമായി നൽകിയ പട്ടയമായിരുന്നുവെങ്കിലും അതിന് നിയമസാധുതയില്ല എന്നതാണ് രവീന്ദ്രൻ പട്ടയങ്ങളുടെ പ്രത്യേകത. ഈ പട്ടയങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിയമപോരാട്ടങ്ങളുംനടന്നിരുന്നു.
Content Highlights: state government issues order to cancel raveendran pattayam