സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എമ്മിന്റെ ഓവർസീസ് വിഭാഗമായ എ ഐ സി (അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്) അയർലൻഡ് -യുകെ ഘടകത്തിന്റെ കീഴിൽ ഉള്ള ഡബ്ലിൻ ബ്രാഞ്ചിന്റെയും വാട്ടർഫോർഡ് ബ്രാഞ്ചിന്റെയും സമ്മേളനം നടത്തി. സെക്രട്ടറി ഹർസേവ് സമ്മേളനങ്ങൾ ഉദ്ഘാടനംചെയ്തു. സമ്മേളനത്തിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കൃഷ്ണയും, രാജേഷ് ചെറിയാനും, ജനേഷ് നായരും വർക്കിങ് കമ്മറ്റി അംഗം അഭിലാഷ് തോമസും പങ്കെടുത്തു സംസാരിച്ചു.
ഡബ്ലിൻ സമ്മേളനത്തിൽ നിലവിലെ സെക്രട്ടറിയായിരുന്ന വർഗീസ് ജോയിയും വാട്ടർഫോർഡ് സമ്മേളനത്തിൽ സെക്രട്ടറി ബിനു തോമസും റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ബ്രാഞ്ച് അംഗങ്ങൾ ചർച്ച നടത്തി. ചർച്ചകൾക്ക് വർഗീസ് ജോയിയും ബിനു തോമസും രാജേഷ് കൃഷ്ണയും അഭിലാഷ് തോമസും മറുപടി പറഞ്ഞു. തുടർന്നു ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറിയായി മനോജ് ഡി മന്നത്തിനെയും വാട്ടർഫോർഡ് സെക്രട്ടറിയായി ബിനു തോമസിനെയും തെരെഞ്ഞെടുത്തു. എഐസി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉള്ള പ്രതിനിധികളെയും തിരെഞ്ഞെടുത്തു.
എ ഐ സിയുടെ യുകെ – അയർലൻഡ് സമ്മേളനം ലണ്ടനിൽ വച്ചു നടക്കും. ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന എഐസി ദേശീയ സമ്മേളനം ഫെബ്രുവരി 5, 6 തീയ്യതികളിൽ ഹീത്രൂവിലാണ് നടക്കുക. പാർടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22ന് പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി ഹർസേവ് ബെയ്ൻസ് കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങി മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രോയിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.