ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരം കളി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്.
ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ സീസണ് മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹമെന്ന് സാനിയ വ്യക്തമാക്കി. ഏറെ യാത്ര ചെയ്യുന്നതിനാല്‍ മൂന്ന് വയസ്സുകാരനായ എന്റെ മകനെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെന്നും പഴയ ഊര്‍ജം ഇപ്പോള്‍ ഇല്ല, പഴയതുപോലെ ആസ്വദിക്കാനാവുന്നില്ലെന്നും സാനിയ കൂട്ടിചേര്‍ത്തു.
2003 മുതലാണ് സാനിയ പ്രൊഫഷണല്‍ ടെന്നീസ് കരിയര്‍ ആരംഭിച്ചത്. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ താരം കരിയറില്‍ ആറു ഗ്രാന്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. സിംഗിള്‍സില്‍ 27-ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68ാം റാങ്കിലാണ് സാനിയ.