തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അഞ്ച് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടി.പി.ആറും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും ഉയർന്ന തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
കോട്ടയം തൃശൂർ തിരുവന്തപുരം, കോഴിക്കോട് ജില്ലകളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. അത്യാവശ്യ യോഗങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ചേരണം.
ഉത്സവങ്ങൾ, പെരുന്നാളുകൾ മുതലായ ആഘോഷങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനാക്കണം.
ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. ടി.പി.ആർ. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കർശനമായ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണം. ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് സ്കൂളുകളിലെ ഒൻപത് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്.
ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി.
ടി.പി.ആർ 48 ശതമാനമായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രത്യേക അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.സർക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തിൽ മാറ്റിയിട്ടുണ്ട്. മാളുകൾക്കും നിയന്ത്രണമുണ്ട്.
ആശുപത്രികളും കോളേജുകളും ഉൾപ്പെടെ ജില്ലയിൽ നിലവിൽ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. 7 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുൾപ്പെടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യോഗം നിർദേശിച്ചു.
Content Highlights: Covid Restrictions